ബാല്യകാലസ്മൃതികൾ
കാർമുകിൽ വൃന്ദങ്ങൾ വാനിൽ പടരവെ
ഇളം തെന്നൽ കുളിരുമായി ചന്ദനഗന്ധം പൊഴിക്കവേ
ഓർത്തുപോകുന്നു ഞാനെൻ ബാല്യകാലം
കാലം കവർന്നെടുത്തൊരെൻ ബാല്യകാലം!
ഉണരുന്നു എൻ മസ്തിഷ്കത്തിൽ ബാല്യകാല സ്മൃതികൾ
ഒരിക്കലും തിരികെ വരാത്ത എൻ ബാല്യകാലം
പുഞ്ചവയൽവരമ്പത്തു ഓടികളിക്കുന്നൊരു
കുഞ്ഞിന്റെ ഓർമ്മയാണ് എന്മനസ്സിൽ
ബാല്യത്തിൻ കുസൃതിയും ശാഠ്യവുമൊക്കെയായി
കുട്ടുകാരുമൊത്തു കളിച്ചു തിമിർത്തൊരു ബാല്യകാലം!
പൂക്കുട്ടയുമായി കുട്ടുകാരുമൊത്തു നടന്നിരുന്നു ഞാൻ
പൊന്നിൻ ചിങ്ങമാസത്തിൽ പൂക്കളമൊരുക്കാനായി
അത്യന്തം ആമോദമല്ലോ ഈ പൊന്നോണകാലം!
വേനലവധിയെത്തുംനേരം,പള്ളിക്കൂടം അടച്ചീടുമ്പോൾ
മേടമാസത്തിന് വിഷുപുലരിക്കായി നോക്കിയിരുന്നു
ഞാൻ കണികാണുവാൻ വിഷുകൈനീട്ടം വാങ്ങുവാൻ
ഇടവപാതി കനത്ത മിഥുനമാസത്തിന് പ്രഭാതത്തിൽ
ചുരുണ്ടുകൂടിയിരുന്നു ഞാൻ പുതപ്പിനുള്ളിൽ
പള്ളിക്കൂടത്തിൽ പോകും നേരം
എന്മനം കൊതിച്ചിരുന്നു പുത്തനുടുപ്പിനായി
ഓർക്കുന്നു ഞാൻ അച്ഛന്റെ കൈവിരൽ തുമ്പിൽ
പിടിച്ചുനടന്നതും മിഠായിക്കായി വാശിപിടിച്ചതുമായ
എൻബാല്യത്തെ,
സിനിമകൾ കാണാനായി ഗ്രാമത്തിന്ടാക്കീസിൽ
പോയിരുന്ന എന്റെ ബാല്യകാലം
തെളിയുന്നു ഇന്നുമെന്നോർമ്മയിൽ
എത്താക്കൊമ്പിലെ ഊഞ്ഞാലിന്മേൽ
ആടിത്തിമിർത്തൊരു ബാലനായി ഞാൻ
ആരെയും വെല്ലും ശക്തിയോടെ കുട്ടുകാരുമൊത്തു
പന്തുമായി പറമ്പിൽ ഓടിക്കളിച്ചതും
പുഴയിലെ വെള്ളത്തിൽ തിമിർത്തു രസിച്ചതും
ഓടിയെത്തുമിന്നുമെന്നോർമ്മകളിൽ തെളിനീറ്റലായി
പണ്ടുള്ള പാടവും തോപ്പും കുളങ്ങളും
മണ്ണടിഞ്ഞ ഒരോർമ്മയായി ശേഷിക്കുന്നുവല്ലോ!
കാണുന്നിതാ എവിടെയും ആകാശം മുട്ടുമീ ഫ്ലാറ്റുകൾ
ടവറുകൾ വിഷം വമിക്കും ഫാക്ടറികൾ…
പണ്ടുള്ള ഗ്രാമവും തൊടിയും വയലുമെല്ലാം
നീണ്ട കവിതയും കഥയുമായി മാറീടുന്നു ഇന്നിവിടെ
കൃത്രിമ സംസ്കാരം വിളിച്ചോതും ഗ്രാമഭൂമികൾ നഗരങ്ങൾ
നിറയുന്നു കോൺക്രീറ്റ് കെട്ടിടങ്ങളാൽ
മറയുന്നു കണ്മുൻപിൽ ഗ്രാമത്തിന് ഹരിതഭംഗി
താല്പര്യഅശേഷമില്ലെന്നു മർത്യനു ഗ്രാമീണ ചാരുതയിൽ
അലയുന്നുവല്ലോ മനുജൻ നഗരത്തിൻ മായിക പ്രപഞ്ചത്തിൽ…
സ്മൃതികളിൽ ഗൃഹാതുരത്വം ഉണര്ത്തും ബാല്യകാലമേ
എന്നെ ഞാനാക്കിയ ബാല്യകാലമേ
പൊഴിക്കുന്നു എൻ അശ്രുബിന്ദുക്കൾ നിനക്കായി ….
കാർമുകിൽ വൃന്ദങ്ങൾ വാനിൽ പടരവെ
ഇളം തെന്നൽ കുളിരുമായി ചന്ദനഗന്ധം പൊഴിക്കവേ
ഓർത്തുപോകുന്നു ഞാനെൻ ബാല്യകാലം
കാലം കവർന്നെടുത്തൊരെൻ ബാല്യകാലം!
Not connected : |