മുഷ്ടി - മലയാളകവിതകള്‍

മുഷ്ടി 

സമരമുഖത്തുനിന്നും ഓടിവരുന്ന
ആ തൊഴിലാളിയുടെ
നെറ്റിയിലെ മുറിവില്‍ നിന്നും
ഒഴുകിയ ചോര കൊണ്ട്
അയാളുടെ കണ്ണ് മൂടിയിരുന്നു..
കിതപ്പിനിടയിലും അയാള്‍
പരിഭ്രാന്തനായിരുന്നില്ല..
ഓരോ വാക്കിനിടയിലും
ശ്വാസം നിറച്ചുകൊണ്ട്
അയാള്‍ എന്നോട് ചോദിക്കുന്നു,
നിങ്ങളെന്താ, ഇങ്ങനെ
കൈ നിവര്‍ത്തി പിടിച്ചിരിക്കുന്നത്?
സ്വന്തം ചോരപുരണ്ട കൈ
ചുരുട്ടി മുഷ്ടി കൊണ്ട് അയാള്‍
എന്റെ മുഖത്തിടിക്കുംപോലെ
ചോദിക്കുന്നു..
തോറ്റവന്റെയുത്തരം
മറുചോദ്യ, മതിങ്ങനെ:
നിങ്ങളെന്തിനാ
മുഷ്ടി ചുരുട്ടുന്നത്?
അവനു പോലും തുറക്കാന്‍ കഴിയാത്ത
മുഷ്ടി കൊണ്ട്
എന്റെ മൂക്കിനു നെരെയോന്നാഞ്ഞുകൊണ്ട്
അവന്‍ പറയുന്നു,
ഇതിലെന്റെ ജീവിതം,
കൈ നിവര്‍ത്തിയാല്‍
അതൂര്‍ന്നുപോകു, മറിയുക..
ഏതോ ശത്രുവിന്‍ കാലടിയൊച്ചയില്‍
ജാഗ്രത പൂണ്ട ചലനത്തില്‍,
അവനൊരു മരം മറഞ്ഞു, പിന്നെ,
മറഞ്ഞു..
പക്ഷെ, ഈ ഞാനെന്താണിങ്ങനെ
കൈ തുറന്നിരിക്കുന്നു?
ശരി തന്നെ, മറന്നേ പോയി ഞാന്‍,
ജീവിതം വന്നു കൈക്കുള്ളിലെത്തണ്ടേ,
കൈചുരുട്ടി മുഷ്ടിയാക്കി
ജീവിത മണല്‍ത്തരികള്‍
ചോരാതെ കാക്കാന്‍?


up
0
dowm

രചിച്ചത്:rajesh kunnoth
തീയതി:25-02-2012 04:29:42 PM
Added by :rajesh kunnoth
വീക്ഷണം:199
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :