തൂലിക       
    ഗുരു തന്ന തൂലിക.....
 എവിടെയെന്നറിയില്ല!
 അതു നഷ്ടമായെന്നൊരറിവെന്നെ നീറ്റി
 പെട്ടിയിൽ, വട്ടിയിൽ,തട്ടിൻപുറത്തുള്ള
 ചാക്കിൽ, പത്തായത്തിൽ,
 അനിയന്റ സഞ്ചിയിൽ
 എങ്ങും തിരയുവാനില്ലിനി, ഞാനെന്റെ 
 അശ്രദ്ധയാം ഉമിത്തീ തന്നിൽ നീറി
 ഇനിയെന്തു ചൊല്ലും ഞാൻ
 എൻ ഗുരുവിനോടു്
 പ്രേമ പൂർവ്വം തന്ന ഉപഹാര -
 മെങ്ങോ മറന്നു വെച്ചെന്നോ?
 ഇനിയൊന്നു കൂടിത്തരണമേയെന്നോ?
 മനമുരുകി തനു തളർന്നൊരിടത്തിരിക്കവേ
 അകതാരിലറിവിന്റെ
 ചിറകു മുളക്കുന്നു.
 ഒരു മറ്റൊലി പോലെയുള്ളിൽ നിന്നാരോ
 മൊഴിയുന്നു ഗുരു തന്നതൊരു പേനയല്ല!
 അറിവിന്റെ, ഉള്ളിലെ ഉണർവിന്റെ
 സത്യപ്രകാശ ജാലത്തിന്റെ
 ഓംകാര ധ്വനിയുടെ 
 നിർമ്മല പ്രേമ പ്രവാഹജാലത്തിന്റെ -
 യൊരു കണിക മാത്രം, അതു വെറും ബിംബം 
 സത്യവൈരാഗ്യജ്ഞാനമാനന്ദമാം
 കുളിർ ഹർഷ പൂരത്തിൻ ഹേതുവാം മേഘം!
 
 
 
 
 
 
 
 
 
 
 
      
       
            
      
  Not connected :    |