മോചനം
നാൽക്കാലികൾ
അടിമത്വത്തിന്റെ
ചങ്ങലയിൽ നിന്നും
മോചിക്കപ്പെട്ടിരിക്കുന്നു
ഇനി അവർക്കും
നമ്മളെപ്പോലെ
നെഞ്ചു നിവർത്തി
രണ്ടു കാലിൽ നടക്കാം
കിടാങ്ങളെ
സ്കൂളിലയക്കാം
പുരോഗതിക്കനുഗതം
നാടുവാഴികളുമാക്കാം
ഈ മഴക്കാലത്ത്
കുട ചൂടിപ്പോകുന്ന
പശുക്കിടാങ്ങൾ
എത്ര രസമായിരിക്കും
ബസ്സുകളിൽ
ആൺ പെൺ
വേർതിരുവുകൾക്കൊപ്പം
നാൽക്കാലികൾ കൂടി
ഒട്ടിച്ചു ചേർക്കപ്പെടാം
ഓരോ ഇടങ്ങളിലും
അവർക്കു മാത്രമായ്
ഇരിപ്പിടങ്ങൾ
തുണിക്കടകളിലിനി മുതൽ
അവരുടെ കുപ്പായങ്ങളുടെ
പ്രദർശനം തുടങ്ങും
സംവരണത്തിന്റെ മാത്രം
കൈക്കരുത്തിൽ
ആപ്പീസുകളിലിനി
മേലാളരായിട്ടവർ
നമ്മെ ഭരിക്കട്ടെ
സ്വാതന്ത്ര്യത്തിന്റെ
വാർഷികങ്ങൾ
അവരും ആഘോഷിക്കട്ടെ
ഇനി നമ്മുടെ ലക്ഷ്യം
വിത്തുകളായി കൈമാറേണ്ട
സസ്യ പഴ വർഗ്ഗങ്ങളുടെ
മോചനമാണ്
എല്ലാവരും
ചങ്ങലകളിൽ നിന്നും
മുക്തരാവുമ്പോൾ
നമുക്ക് പരസ്പരം
കൊന്നു തിന്നാം.
Not connected : |