കാമുകാ നീ മരിച്ചതെന്തിന്
ഞാനറിഞ്ഞിട്ടു വന്നു ചേരാൻ വയ്യ
നിന്റെ ജീവനറ്റുള്ള കിടപ്പു കാണാൻ
ഏറെ കിതപ്പിലും കുതിച്ചു നാം പായിച്ച
ജീവാശ്വമേധത്തിൻ മൃത്യു കാണാൻ
പറയാതെയൊരുനാളു പിരിയില്ലയെന്നു നീ
നെഞ്ചത്തു കൈ വെച്ചു ചൊന്നതല്ലേ
എന്നിട്ടു വേദന മാത്രമായ് തന്നു നീ
മൺ കൂനക്ക് താഴെ പോയ് മറഞ്ഞു
നിന്റെയോർമ്മയാണെന്നുമെന്നുള്ളിലെ
വെളിച്ചമായുള്ളതെന്നു നീ മറന്നു
പോകുവാൻ നേരം പുൽകി നീ തന്നുള്ള -
തവസാന ചുംബനമായിരുന്നോ
എത്ര വർഷകാലം കഴിഞ്ഞാലും
തോരാതെ പെയ്യുമെൻ ഇരുമിഴികളും
ആഴത്തിലെത്ര വേരിറങ്ങിയെന്നാലുമെൻ
ഹൃദയ ധമനികൾ നിന്നിലേക്കരിച്ചിറങ്ങും
മണ്ണിനടിയിൽ പുഴുക്കൾ തിന്നു തീർക്കുമ്പോഴും
വാടാത്ത സുമമായ് നീ വിരിഞ്ഞു നിൽക്കും
ഒന്നിച്ചു കണ്ട കിനാക്കളൊന്നിൽ പിന്നെ -
യെന്നെ മാത്രം വിട്ടേച്ചു പോയകന്നെങ്കിലും
നീയില്ലയെങ്കിലെന്നിൽ കിനാക്കളുണ്ടോ
പൂക്കാലമുണ്ടോ വസന്തമുണ്ടോ ?
ഒറ്റക്കേറെ തുഴഞ്ഞാലുമെത്താത്ത
കടലിന്റെ നടുവിൽ ഞാനേകയായി
ചുറ്റുവട്ടത്തിലെ തുരുത്തു നോക്കി
കരുത്തു മുഴുക്കെ ചോർന്നു പോയി
ഞാനറിഞ്ഞെങ്കിലും വന്നു ചേരില്ല
നിൻ ജീവനറ്റുള്ള കിടപ്പു കാണാൻ
ഓർമ്മക്കു മേലെ മൺകൂനയാവുന്ന
ജീവന്റെ സ്പന്ദനം നിലച്ചു കാണാൻ
Not connected : |