നിറ വയറിന് നന്ദി
ഇന്ന് പോയ കല്യാണത്തിനും
വർണത്തിലച്ചടിച്ച
താങ്ക്സ് കാർഡ് കിട്ടി
പണ്ട് വളരെ പണ്ട്
വിശപ്പു പെറ്റു കൂട്ടിയ
ഓലക്കുരയുടെ ചായ്പ്പിലേക്ക്
വിളിക്കാതെ കയറി വരുന്ന
പോത്ത് കറിക്ക് വല്ലാത്ത
പശിയടങ്ങാത്ത മണമായിരുന്നു
അന്ന് വിളിച്ചു കൂട്ടിക്കൊണ്ടു പോയ്
വയർ നിറയെ ചോറ് തന്ന
അയൽക്കാരൻ പാപ്പിയുടെ മുമ്പിൽ
നിറ കണ്ണുകളോടെ, കൈകൂപ്പി
അമ്മ നന്ദി പറയുന്നത്
കണ്ണീരടക്കി നോക്കി നിന്നിട്ടുണ്ട്
ഇന്ന്
വിശപ്പു മാറിയ വയറുകൾ
പേരിന് വറ്റു പെറുക്കി തിന്ന്
തിരിച്ചു പോവുമ്പോൾ
മാറിയ കാലം ഏമ്പക്കം വിടുന്നവനോട്
നന്ദി ചൊല്ലുന്നു
പല വിധ വർണ്ണങ്ങളിൽ
Not connected : |