നാടൻ ഭക്ഷണം
വരൂ
ഇവിടെ
നല്ല ഊണു കിട്ടും
വീടു വിട്ടാൽ
മറ്റൊരു വീട്
കൈമാടുന്ന
വിളികളെ
പിന്നിലേക്ക് അവഗണിച്ച്
ഗ്രാമ വിലാപത്തിലേക്ക്
വാഹനം ഒതുക്കി
എല്ലായിടവും
പുതിയ കാലത്തിന്റെ
രുചിക്കൂട്ടുകൾ
നിറയുമ്പോൾ
എനിക്കെന്തോ
നാടൻ ചോറും
മുളകിട്ട മത്തിക്കറിയും
ഉള്ളിലെവിടെയോ
ഉടക്കി നിന്നിരുന്നു
അത്താഴത്തിന്
വിരുന്നു പോകുന്ന
ഒന്നും ശേഖരിക്കാത്ത
ഇണപ്പക്ഷികൾ
ഇപ്പോൾ
ആൾത്തിരക്കിൽ
നരകത്തീയിൽ
വെന്തൊലിച്ച
ഉടലുകൾ പിച്ചിപ്പൊളിച്ച്
സൈഡ് ഡിഷുകൾ
തിരയുന്നുണ്ടാവും
ആളുകൾ തേടിയെത്തുമ്പോൾ
കോട്ടണിഞ്ഞ രാജാവ്
മന്ത്രിക്ക് ഉപദേശം നൽകുന്നു
വിശപ്പാറിയാലും
അരണ്ട വെളിച്ചത്തിൽ
ക്ഷമയോടെ കാത്തു നിൽക്കും
കരഞ്ഞുറങ്ങിയ ബാല്യങ്ങൾ
വേവു കുറഞ്ഞാലും
വയറിന് കുഴപ്പമില്ലെന്ന്
കാലിൽ ചേറു പറ്റിയ
പാടങ്ങൾ വിതുമ്പുന്നു
പുറകിലെ എച്ചിലിലകളിൽ
നഗരം തെണ്ടി വന്ന
നായ മണം പിടിക്കുന്നുണ്ട്
അജ്നാ മോട്ടോ മണം തേടി
പിന്നെയും പരക്കെ നോക്കുന്നു
കാലൊടിഞ്ഞ
ഊണു മേശയിൽ
ഇലയിട്ട പാണ്ടൻ പയ്യൻ
മലയാളിയാണെന്ന് തോന്നുന്നു
പാനിയെന്ന് ചോദിക്കേണ്ടി വന്നില്ല
ചെവിയിൽ പേന തിരുകിയ
വിളമ്പുകാരൻ ടിപ്പ് പ്രതീക്ഷിച്ച്
വക്രിച്ച് ചിരിച്ചുമില്ല
കൈ കഴുകി തിരിച്ചു വന്നപ്പോൾ
കൈലേസുമായി ആരും
കാത്തു നിൽപ്പില്ല
വെള്ളം നനഞ്ഞ് ചുളിഞ്ഞ
കടലാസു ബില്ലിന് പണം നൽകി
മധുരമില്ലാത്ത ജീരകം വായിലിട്ട്
പുറത്തിറങ്ങുമ്പോൾ
വയറു നിറച്ച നഗരം പിന്നിട്ട്
വിഷപ്പുക വഹിച്ച വാഹനങ്ങൾ
എന്റെ മുന്നിലൂടെ
കടന്നു പോവുന്നുണ്ടായിരുന്നു
.............................
Not connected : |