വിലാപയാത്ര - മലയാളകവിതകള്‍

വിലാപയാത്ര 

രക്തവർണ്ണത്തിലൊരു പുഴ,
എന്റെ കനവിലൂടെ ഒഴുകി.
ചുവപ്പു ചായം തേക്കുവാൻ,
കൈക്കുമ്പിള്ളിൽ പുഴ കോരി!
വയസ്സറിയിച്ച നാണക്കാരിയായി,
കൈവിരൽ വിടവിലൂടെയവളുടെ,
ഋതുക്കൾ എന്നിൽ നിന്നുമകലെയേ -
തോ കടൽ തേടി മെല്ലെ മാഞ്ഞു.

നീണ്ട വഴികളെത്തഴുകിയെത്തിയ,
കാറ്റു ചോദിച്ചു ദൂരെ നിന്നിന്നലെ,
ആട്ടിത്തെളിച്ചു ഞാൻ പെയ്യിച്ച,
മഴത്തുള്ളികൾ വീണ പുഴയെവിടെ?

പീത വർണ്ണത്തിലീ കൈയ്യിലൂടെ,
ദൂരേക്കു പോയെന്നു പറയാനാവുമോ?
മണലൂറ്റിയ ആഴക്കുഴികളിൽ,
ഒളിച്ചിരിപ്പുണ്ടെന്ന് കള്ളം പറഞ്ഞു !
ഭൂമിയുടെ മുലകളെ ഛേദിച്ച മടകളിൽ
മടങ്ങിയൊതുങ്ങിക്കിടപ്പാണെന്ന്,
പ്രകൃതി തന്നെ വിളിച്ചു പറഞ്ഞു.
താരാട്ടായ് വന്ന കാറ്റു പിന്നെപ്പോഴോ,
രൗദ്രഭാവങ്ങളാവാഹിച്ച് യക്ഷിയായി.

തളക്കേണ്ട പാലകൾ, കരിമ്പനകൾ,
പിഴുതെറിഞ്ഞൊരു കൊടുങ്കാറ്റായി !
പിടിച്ചു നിർത്തുവാൻ, തടയുവാൻ,
മരങ്ങളില്ലാത്ത, കുന്നുകളില്ലാത്ത,
മരുഭൂവിലൂടെ ആഞ്ഞുവീശി.

നനവൊട്ടിയ കണ്ണീർ തടങ്ങളിലൂടെ,
മരിച്ച പുഴയുടെ വിലാപയാത്രയാ,
കൊടുങ്കാറ്റിലൂടെ വിദൂര ദേശത്തിലേക്ക്,
ആറടി മണ്ണു തിരഞ്ഞു പായുന്നു!


up
0
dowm

രചിച്ചത്:ആരിഫ് തണലോട്ട്
തീയതി:21-06-2017 10:30:46 AM
Added by :Arif Thanalottu
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :