നമ്മളൊരമ്മതന്‍ മക്കള്‍ - തത്ത്വചിന്തകവിതകള്‍

നമ്മളൊരമ്മതന്‍ മക്കള്‍ 


മാനവ ജീവിത ഭൂമികയാകെയും
സ്‌നേഹസൂനങ്ങളാല്‍ മോടികൂട്ടാന്‍
ആകുമോ നിങ്ങള്‍ക്ക്? മാനിക്കുമന്നു ഞാന്‍
ശോഭിക്കുമാശുദ്ധചിത്തങ്ങളെ!

ശാത്രവത്തേരുതെളിക്കും കരങ്ങളെ
പ്രാര്‍ഥനാപൂര്‍വം പിടിച്ചുനിര്‍ത്താ-
നാകണം യത്‌നവും സാരോപദേശവും,
പാകണം ലോകേ സകലമൂല്യം!

ഒന്നു കിണര്‍ജലം വേറെ നദീജലം
മറ്റൊന്നുറവജലം കണക്കെ
ഭാരതമാകെ കുളിര്‍ തീര്‍ത്തൊഴുകട്ടെ
ആകെ മതങ്ങള്‍; നാം ഭാരതീയര്‍!

വേണ്ട നമുക്കു പകയും ചതികളും
നമ്മളൊരമ്മതന്‍ മക്കളല്ലെ!
കൈകള്‍ പിടിച്ചും പരസ്പരമാലിം-
ഗനം ചെയ്തു പുഞ്ചിരി തൂകുകില്ലെ!

സ്വാര്‍ത്ഥംഭരികള്‍ കഠാരക്കരങ്ങൡ
കൈ ചേര്‍ത്തു വെച്ചു പതിയിരിപ്പു-
ണ്ടെന്റെയും നിന്റെയും നെഞ്ചു പിളര്‍ക്കുവാ-
നിറ്റുവീഴും രുധിരം രുചിക്കാന്‍!!

പൈതൃകമുണ്ട് നമുക്കു മുന്‍ഗാമിക-
ളേല്‍പിച്ചു തന്ന ധര്‍മ്മങ്ങളുണ്ട്,
ഉച്ചനീചത്വങ്ങളേശാത്ത സ്‌നേഹത്തിന്‍
പൂത്തിരി കത്തുന്ന ചിത്തമുണ്ട്!

ഉല്‍ഫുല്ലമാകട്ടെ സൗഭാത്രസൂനങ്ങള്‍
പാരില്‍ പരക്കട്ടെ പൂമണങ്ങള്‍
ഞാനും പ്രകൃതിയും നീയും നിറങ്ങളും
നമ്മൊളൊന്നാ,യിന്ത്യ വെന്നിടട്ടെ!!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:20-08-2017 06:02:59 PM
Added by :Kabeer M. Parali
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :