മുഗ്ദ സങ്കല്‍പങ്ങളേ പൂക്കളായ് വിടരുക
മുഗ്ദ സങ്കല്‍പങ്ങളെ, നിങ്ങളെന്‍ പൂവാടിയില്‍
സുഗന്ധം പൊഴിക്കുന്ന പൂക്കളായ് വിടര്‍ന്നെങ്കില്‍!
അവിടെക്കാണാം മമ മനസ്സില്‍ കുളിര്‍പാകും
ശലഭക്കുഞ്ഞുങ്ങളെ, കൂരുവിക്കിടാങ്ങളെ!
നിങ്ങളേകിടും പൂന്തേന്‍ നുണഞ്ഞും പലവിധ
കഥകള്‍ പറഞ്ഞുമാ പൈതങ്ങള്‍ നൃത്തം ചെയ്യും
രാവിലും പകലിലും ദിവ്യശോഭയേറ്റെന്റെ
വാടിയില്‍ സജീവത കൈവരും കല്യാണമായ്!
നിറവൈവിധ്യങ്ങളും സ്വരവൈജാത്യങ്ങളും
പ്രകൃതിക്കലങ്കാരം ചാര്‍ത്തും, ഈ പ്രപഞ്ചത്തില്‍-
ചന്ദനമലരിന്റെ സുഗന്ധം നിറക്കും, നല്‍-
മഞ്ഞു തുള്ളികളെങ്ങും കുളിരിന്‍ തടം തീര്‍ക്കും!
പുഞ്ചിരിതൂകും പൂക്കള്‍ സൗരഭ്യം പൊഴിക്കാത്ത,
കൊച്ചു തുമ്പികള്‍ ചുറ്റും സോല്ലാസം പറക്കാത്ത,
തെന്നലും പൂമ്പാറ്റയും കുരുവിക്കുഞ്ഞുങ്ങളും
സല്ലാപം നടത്താത്ത പൂന്തോപ്പിനുണ്ടൊ ചന്തം!
മുഗ്ദ സങ്കല്‍പങ്ങളെ, നിങ്ങളെന്‍ പൂവാടിയില്‍
സുഗന്ധം പൊഴിക്കുന്ന പൂക്കളായ് വിടരുക!
പ്രപഞ്ചം മുഴുവനും നിങ്ങളെ കണികണ്ടും
കോള്‍മയിര്‍ക്കൊണ്ടും നിത്യം സാമോദമുണരട്ടെ!
Not connected : |