പൊക്കിള്‍ക്കൊടിയിലെ രക്തം - തത്ത്വചിന്തകവിതകള്‍

പൊക്കിള്‍ക്കൊടിയിലെ രക്തം 


കൊല്ലുവാന്‍ കത്തിക്കു മൂര്‍ച്ച കൂട്ടീടുന്ന
കുഞ്ഞുങ്ങളെ, ഒന്നു നില്‍ക്കിന്‍,
പത്തുമാസം നൊന്തു പെറ്റ വയറിന്നു
ഇത്തിരിയുണ്ട് പറയാന്‍
നോവേറെയേറ്റാണു ഗര്‍ഭം ചുമന്നതും
പെറ്റതും, നിങ്ങളൊന്നോര്‍ക്കിന്‍!
എത്രമേല്‍ കഷ്ടതപ്പര്‍വതമേറിയാ-
ണമ്മമാര്‍ നിങ്ങളെപ്പോറ്റി!
ത്യാഗങ്ങള്‍ ചെയ്തവര്‍, മോഹങ്ങളെത്രയോ
വേണ്ടെന്നു വെച്ചൂ; സ്മരിപ്പിന്‍
നിങ്ങള്‍ വളരാനുയരാന്‍ ഫലം കായ്കും
സസ്യമായ് വൃക്ഷമായ്ത്തീരാന്‍,
രാവും പകലുമായ് പ്രാര്‍ത്ഥനാ നിര്‍ഭരം
കണ്‍പാര്‍ത്തിരൂന്നൂ ശരിക്കും!
നിങ്ങള്‍ക്കു നന്മ വരാന്‍ നിങ്ങളാല്‍ നന്മ-
ലോകര്‍ക്ക് കിട്ടുവാനല്ലൊ
അമ്മമാര്‍ ഞങ്ങള്‍ കൊതിച്ചൂ കൃപാവരം
ദൈവത്തൊടെന്നു,മിരന്നൂ!
സ്‌നേഹിക്കുവാന്‍ മണ്ണിന്‍ ജീവജാലങ്ങളെ
സ്‌നേഹിക്കുവാന്‍ കൂട്ടുകാരെ
പാഠങ്ങളെത്ര ഹൃദയത്തിലൂട്ടിയീ
ഞങ്ങള്‍ നിരന്തരമോര്‍ക്കിന്‍!
ഇന്നു നിങ്ങള്‍ വേറെ വെറെയായ് തല്ലിയും
കൊല്ലുവാനായുധമൂട്ടി-
പോര്‍വിളിച്ചങ്ങാടി രക്തക്കളമാക്കി
തീര്‍ക്കുന്നുവോ, എന്തുപറ്റി!
നിങ്ങള്‍ കുടിച്ച മുലപ്പാലില്ലാ-
യിരുന്നു പകയുടെ ഗന്ധം!
നിങ്ങള്‍ക്കു പാടിയ താരാട്ടിനീണത്തി-
ലില്ലായിരുന്നൂ വിരോധം!
എന്നിട്ടുമേതു പിശാചുക്കളാണെന്റെ
മക്കളേ, നിങ്ങളെ മാറ്റി?
ഇന്നീവിധം നേര്‍ക്കുനേര്‍ നിന്നു കൊല്ലുവാന്‍
ഹൃത്തില്‍ പകപ്പുകയേറ്റി?!
കൊല്ലുവാന്‍ കത്തിയേന്തുന്നവനെന്റെ മോന്‍,
കൊല്ലപ്പെടുന്നവനെന്റെ മോന്‍!!!
രണ്ടുമക്കള്‍ക്കുമായിട്ടാണിയമ്മതന്‍
ചിത്തം കരയുന്നു, സത്യം!
വേണ്ട, ഹൃദയരക്തങ്ങളേ നിങ്ങളീ
യമ്മമാര്‍ക്കെന്നുമമൂല്യം;
നിങ്ങളൊഴുക്കും ചുടുനിണം ഞങ്ങള്‍തന്‍
പൊക്കിള്‍ക്കൊടിയിലെ രക്തം!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:27-08-2017 04:05:25 PM
Added by :Kabeer M. Parali
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :