കൃഷീവലന്മാര്‍ക്കായി  - തത്ത്വചിന്തകവിതകള്‍

കൃഷീവലന്മാര്‍ക്കായി  


ഇന്നു പതാകകളുയരുന്നീല
മണ്ണിന്‍ മക്കള്‍ക്കായി!
വിപ്ലവഗാഥ മുഴങ്ങുന്നീല
കര്‍ഷകരാശിക്കായി!
കയറില്‍ തൂങ്ങുകയാണു പ്രതീക്ഷകള്‍
കണ്ണീര്‍കയമാണെങ്ങും!
മണ്ണിന്‍ മണവും ഗുണവുമറിഞ്ഞവ
രില്ലീ മണ്ണില്‍ തെല്ലും!
ചോരവിയര്‍പ്പായ്ത്തീര്‍ത്തുര്‍വരയുടെ
യുള്ളില്‍ ഉയിരു വിതക്കും-
കൃഷീവലന്‍മാരൈശ്വര്യത്തിന്‍
ഭൂമി നമുക്കായ്ത്തീര്‍ക്കും!
അവര്‍ക്കു നല്‍കാന്‍ കടക്കയറിന്‍
കുരുക്കു മാത്രം നമ്മില്‍!
കൃതഘ്‌നതേ, നീ മനുഷ്യനായി
പ്പിറന്നു പോയോ മണ്ണില്‍?!
അധികാരത്തിന്‍ ചില്‍മേടകളില്‍
സുഖിച്ചു വാഴുന്നവരേ,
കൃഷീവലന്മാര്‍ ജീവനൊടുക്കിയ
വേദന തീണ്ടാത്തവരേ,
അവരെയടക്കിയ മണ്‍തറയില്‍ നി-
ന്നുയര്‍ന്നു പൊങ്ങും കാറ്റില്‍-
പുതിയൊരു വിപ്ലവ രോഷം അന്നീ
നിങ്ങളെയാഴ്ത്തും ആറ്റില്‍!!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:29-08-2017 05:54:23 PM
Added by :Kabeer M. Parali
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :