റോഹിങ്ക്യന്‍സ് കരയുന്നില്ല  - തത്ത്വചിന്തകവിതകള്‍

റോഹിങ്ക്യന്‍സ് കരയുന്നില്ല  


റോഹിങ്ക്യന്‍സ് കരയുന്നില്ല
മുലപ്പാലിന്റെ മണംപോലും മാഞ്ഞിട്ടില്ലാത്ത
കുഞ്ഞു പൈതങ്ങളുടെ
നെഞ്ചില്‍ നിന്നും രക്തം ചീറ്റിയൊഴുകുമ്പോഴും
മനസ്സില്‍ അലിവിന്റെ നനവുപടരാത്ത
പഞ്ചശീലഭിക്ഷുക്കളുടെ മുന്നില്‍
ഉപ്പുരുകിയ കണ്ണിരിനെന്തു ചെയ്യാനാകും
എന്നവര്‍ കരുതിക്കാണണം!
ജീവികളെ കൊല്ലുന്നത്,
തരാത്തത് എടുക്കുന്നത്,
വൃഥാവിലാപം, ദ്വേഷം, മിഥ്യാദൃഷ്ടി എന്നിവയാണ്
തിന്മയെന്ന് പഠിപ്പിച്ച ബുദ്ധന്റെ
കാവി വസ്ത്രം പുതച്ച സമാധാന പ്രാവുകള്‍
മുസ്ലിമിന്റെ പച്ചമാംസത്തില്‍ പശിതീര്‍ക്കുന്ന
കൊഴുത്ത കഴുകന്‍മാരായത് എപ്പോഴാണ്?!
ദയയും കരുണയും അലിവും ഉറവു വറ്റി
ഹൃദയം കടുത്തുപോയവര്‍ക്കു വേണ്ടി
ഇനി ബുദ്ധന്‍ പാടട്ടെ;
''സ്വന്തം ദുഷ്‌ചെയ്തികള്‍ തനിക്കെതിരെ
തിരിയുന്നതുവരെ
മൂഢന്‍ സന്തോഷവാനായിരിക്കും!
അതെപ്പോഴും അവനെതിരെ ആഞ്ഞടിക്കും!
അതൊരു പ്രകൃതി നിയമമാണ്,
അത് ഒഴിവാക്കാന്‍ ആര്‍ക്കുമാകില്ല;
അതില്‍ നിന്ന് രക്ഷപ്പെടാനും!''
''ലോകത്ത് ഏതൊരുവന്‍
കൊലചെയ്യുന്നു;
കളവു പറയുന്നു;
മോഷ്ടിക്കുന്നു;
പരസ്ത്രീഗമനം ചെയ്യുന്നു;
ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നു;
അവന്‍ തന്നെത്തന്നെയാണ് ഉന്മൂലനം ചെയ്യുന്നത്!''
ബുദ്ധഭിക്ഷുക്കളായ് കപടരായാടുന്ന
നരരക്ത ദാഹികളേ
വിലാപങ്ങളും, ആര്‍ത്തനാദങ്ങളും,
വേദനയുടെ അട്ടഹാസങ്ങളും,
കബന്ധങ്ങളും ഇന്നവസാനിക്കില്ലായിരിക്കാം..
പിച്ചിച്ചീന്തപ്പെട്ട സഹോദരിമാരുടെ
മാനങ്ങളും
തൂക്കിലേറ്റപ്പെട്ട്, വികൃതമാക്കപ്പെട്ട സഹോദരങ്ങളുടെ
ശരീര ഭാഗങ്ങളും,
ആര്‍ത്തിരമ്പുന്ന കടല്‍ മധ്യത്തിലേക്ക്
എടുത്തെറിയപ്പെട്ട, ആശയും ആശ്രയുവുമറ്റ പൈതങ്ങളും
നിങ്ങള്‍ക്കെതിരില്‍ മേലൊട്ടുയര്‍ത്തി വിട്ട
നെടുവീര്‍പ്പുകളുണ്ടല്ലൊ, അത് ലക്ഷ്യം കാണാതിരിക്കില്ല;
അന്ന് നിങ്ങള്‍ക്കു വേണ്ടി കരയാന്‍
ആകാശവും ഭൂമിയും ഒരിറ്റു കണ്ണീര്‍ പോലും
കരുതി വെച്ചിട്ടുണ്ടാകില്ല!!!
ബുദ്ധന്‍ തന്നെ പറയട്ടെ:
''പാപി പാപത്തിന്റെ അനുഭവം ഉണ്ടാകുന്നതുവരെ
പാപത്തെ സുഖമായറിയുന്നു.''


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:05-09-2017 05:56:12 PM
Added by :Kabeer M. Parali
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :