തോക്കുകള്‍ പരാജയമാണ്
ഇനിയും അക്ഷരങ്ങള്‍ വരാതിരിക്കാന്‍
പേനയെ തകര്‍ക്കാം!
ഇനിയും വാക്കുകള്‍ ഉതിരാതിരിക്കാന്‍
വായകളെ മൂടിക്കെട്ടാം!
ഇനിയും വെളിച്ചം പരക്കാതിരിക്കാന്‍
വിളക്കുമാടങ്ങളെ പൊളിക്കാം!
ഇനിയും മുദ്രാവാക്യങ്ങള്‍ മുഴക്കാതിരിക്കാന്‍
ആകാശത്തേക്കുയര്‍ന്ന മുഷ്ടികളെ തളക്കാം!
ഇനിയും വിപ്ലവങ്ങള്‍ വളരാതിരിക്കാന്‍
രക്തധമനികളെ മുറിക്കാം!
ഇനിയും പ്രതിഷേധങ്ങള്‍ ഉയരാതിരിക്കാന്‍
വെടിയുണ്ടകള്‍ ഉതിര്‍ക്കാം!
പക്ഷെ,
വെളിച്ചം കണ്ട അക്ഷരങ്ങളെ
കാറ്റില്‍ പരന്ന വാക്കുകളെ
നീളെപ്പടര്‍ന്ന വെളിച്ചങ്ങളെ
മാറ്റൊലി കൊണ്ട മുദ്രാവാക്യങ്ങളെ
ആകാശം നിറഞ്ഞ വിപ്ലവങ്ങളെ
പുറത്തേക്കൊഴുകിയ പ്രതിഷേധങ്ങളെ
തകര്‍ക്കാന്‍, തളക്കാന്‍,
വെടിയുണ്ടകള്‍ കൊണ്ട് വധിക്കാന്‍ -
മാതൃരാജ്യത്തെ, മനുഷ്യത്വത്തെ, മതേതരത്വത്തെ മാനിക്കുന്ന
ആയിരങ്ങളിലേക്ക് അവ പടര്‍ന്നു കഴിഞ്ഞിരിക്കെ-,
നിങ്ങള്‍ക്കാവില്ല...
Not connected : |