അമരമാണ് ഈ വികാരങ്ങള്‍  - തത്ത്വചിന്തകവിതകള്‍

അമരമാണ് ഈ വികാരങ്ങള്‍  


സത്യത്തിന്‍ നെഞ്ചിലേക്കെത്ര നാളായ് നിറ-
ത്തോക്കുമായ് ചെന്നു നിറയൊഴിച്ചു!
നന്മയെക്കൊല്ലാന്‍ മഴുവെടുത്തു, കൊന്നു
മൂടുവാന്‍ മണ്ണില്‍ കുഴിയെടുത്തു!
കത്തിക്കു നീയെത്ര മൂര്‍ച്ചകൂട്ടി സ്‌നേഹ
നാഭിക്കു കുത്താന്‍; കൊലപ്പെടുത്താന്‍!
മാനവ സൗഹൃദം ചത്തുകാണാന്‍ മൃത്യു
പാശവുമായ് നീ നടന്നടുത്തു!
ക്രോധ, വിദ്വേഷപ്പിശാചുക്കളാല്‍ മനം
കട്ടിയായ്ത്തീര്‍ന്നോ ഇരുള്‍ നിറഞ്ഞൊ?!
മര്‍ത്ത്യ വിശിഷ്ട വികാരങ്ങളൊക്കെയും
ശത്രുതയാലേ തകര്‍ന്നടിഞ്ഞൊ?!
രാത്രിഞ്ചരന്മാര്‍ പതുങ്ങിയെത്തും നിന്റെ
സ്മാര്‍ത്ത വികാരങ്ങള്‍ തച്ചുടക്കും
നമ്മള്‍ക്കിടയില്‍ പക പടര്‍ത്തും ലോക
മാകെയശാന്തിതന്‍ വഹ്നി തീര്‍ക്കും
എന്തുണ്ട് നേട്ടം നമുക്കു ചുറ്റും ഭീതി
യാശങ്കകള്‍ നീറി നില്‍ക്കുമെങ്കില്‍?!
എന്തുഫലം നമ്മളൊന്നിച്ചൊരുമയില്‍
നിന്നില്ലയെങ്കിലീ ജീവിതത്തില്‍?!
ഒന്നു പറയട്ടെ, സത്യവും സ്‌നേഹവും
നന്മകളും എന്റെ സൗഹൃദവും,
കുത്തേറ്റു വീഴില്ല, കൊല്ലാന്‍ കഴിയില്ല
വെന്നിനില്‍ക്കും നീണ്ട നീണ്ടകാലം!!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:07-09-2017 04:05:38 PM
Added by :Kabeer M. Parali
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :