ഒരു വിതുമ്പൽ - മലയാളകവിതകള്‍

ഒരു വിതുമ്പൽ 

ഒരു വിതുമ്പൽ
എഴുതിയത് സി ശശിധരൻ പിള്ള, ചാർട്ടേർഡ് അക്കൗണ്ടന്റ്, പന്തളം

പൂക്കില്ല ഞാനിനി പൂക്കില്ലൊരിക്കലും
പൂക്കുവാനിനിയെനിക്കാവതില്ല
എൻപൂക്കൾ നൽകുന്ന തൂമണം ഇനിയൊരു
അരുണോദയത്തിൽ ഞാൻ നൽകുകില്ല
ഞാനെന്ന ഭാവങ്ങളില്ലാതെ നിങ്ങൾക്ക്
ചൂടുവാനിനിപൂക്കൾ ഞാൻ തരില്ല
പൊരിവെയിൽ, പേമാരി, മഞ്ഞിലും കാറ്റിലും
വാടാതെ പൂക്കൾ ഞാൻ എത്ര നൽകി
ഒരു പൂവു പോലും എനിക്കായി മാറ്റാതെ
മുഴുവനും നിങ്ങൾ പറിച്ചെടുത്തു

അന്നൊരു നാളിലെന്നെ സ്നേഹവായ്‌പോടെ
ഒരുചെറു പൂവാടിയിൽ നിന്ന് വാങ്ങി
ഒരു കൊച്ചുകുഞ്ഞിന്നു നൽകുന്ന വാത്സല്യം
നൽകിയാ ബെൻസിന്റെ സീറ്റിലേറ്റി
കണ്ടോയിതമൂല്യമാണിതിൽവിടരും പൂക്കളിൻ
നറുമണം എത്ര മേൽ ഹൃദ്യമെന്നോ
എന്നോതി വീട്ടിലെ കുട്ടിക്കുറുമ്പിക്കു മുന്നിലായ്
വച്ചപ്പോളവളെത്ര മുത്തമിട്ടു
വീട്ടിന്റെ മുമ്പിലെ സത് സ്ഥാനം കണ്ടെത്തി
ഒരു നല്ല കുഴിയെടുത്തത്തെന്നെ നട്ടു
വളമിട്ട് വെള്ളവും തഴുകലും തന്നപ്പോ-
ളൊരു നെടുവീർപ്പെന്റെ ഹൃത്തിലാഴ്ന്നു
ഇതുതന്നെയെൻ സ്വർഗ്ഗം എന്ന് ഞാൻ പലവുരു
രാത്രിയും പകലും കിനാവുകണ്ടു
വെയിലിൽ ഞാൻ വാടാതെ മഴയിൽ ഞാൻ അഴുകാതെ
നിങ്ങളെൻ ജീവിതം ഭദ്രമാക്കി
ഇതുതന്നെയെൻ വീടും എന്റെ കുടുംബവു-
മെന്നോർത്ത് രാത്രികൾ ഞാനുറങ്ങി
വീട്ടിലെ കൂട്ടിക്കുറുമ്പിയും ചേട്ടനും
പാട്ടിയും വയ്യാത്തോരപ്പൂപ്പനും
മത്സരിച്ചെന്നെ തഴുകി വെള്ളം തന്നു
താരാട്ടു പടിയില്ലെന്നേയുള്ളു
വന്നവിരുന്നുകാർക്കൊക്കെയും മുമ്പിലും
എന്നെപ്രകീർത്തിക്കാൻ നേരം കണ്ടു
പൊൻപുലരി വന്നതും സന്ധ്യകൾ ചോന്നതും
ആകാശത്താമര പൂക്കുന്നതും
അമ്പിളിമാമനൊരായിരം തിരിയുമായ്
താരകൾ പൂത്താലമേന്തുന്നതും
ആരെയോ പേടിച്ചാ അമ്പിളി പോയതും
കൂരിരുൾ താണ്ഡവമാടിയതും
മഴവില്ലു വന്നതും അതുപിന്നെ മാഞ്ഞതും
കരിമുകിലിരമ്പിക്കൊണ്ടെത്തിയതും
ഇടിവെട്ടകമ്പടിയോടെയാ മിന്നലിൻ
ആകാശയാത്ര നടക്കുന്നതും
കളകളം പാടുന്ന കിളികൾക്കു കൂടെയാ
കുട്ടികൾ പാട്ടുകൾ പാടുന്നതും
മാവേലിമന്നനെ ആർത്തേതിരേൽക്കുവാൻ
ഓണപ്പാട്ടുച്ചത്തിൽ പാടുന്നതും
ക്രിസ്തുമസ് രാത്രിയിൽ സമ്മാനവുമായി
സാന്റാക്ലാസ്സ് അപ്പൂപ്പനെത്തുന്നതും
വിഷുവിന് കൈനീട്ടമായിട്ടു കുട്ടികൾ
നിരയായി പൊൻപണം വാങ്ങുന്നതും
കണ്ടെന്റെ മാനസം എത്ത്ര തിമിർത്താടി
ഇത്രയും സുന്ദരമായ ലോകം
നന്മകളല്ലാത്തതൊന്നുമേ ഞാനെന്റെ
ഈ കൊച്ചുലോകത്തിൽ കണ്ടതില്ല
ഞാൻ വളർന്നെന്റെവളർച്ചയോടൊപ്പമായ്
ആവീട്ടിലാനന്ദം നൃത്തമാടി
ഒരുകൊച്ചു സുന്ദരിച്ചെടിയാണു ഞാനെന്നു
ആരോ രഹസ്യമായെന്നോടോതി
എവിടോ കനംവന്നു എന്തൊസുഖം തോന്നി
ഞാനൊന്നു പൂക്കുവാൻ കാലമായി
ആയിരം മൊട്ടുകൾ ഒരുദിനം രാവിലെ
എന്മേനിയിലൊരു കാഴ്ചയായി
ഒരുവണ്ടണഞെന്റെ ചെവിയിലായ് ചോദിച്ചു
മൊട്ടുകൾ പൂക്കാനിനിയെത്ര വൈകും
ആരാത്രി സ്വപ്നത്തിലാരോ പറയുന്നു
നിൻ തോഴനാവണ്ടു വരികവേണം
മൊട്ടുകൾ പൂവാകും, പൂവുകൾ കായാകും
വണ്ടുകൾ ചെയ്യും പരാഗണത്താൽ
ആ കായ്കൾ നിൻ മക്കൾ, അത് ഭൂമിയിൽ വീണാ-
ലതോമന ചെടികളായ് മാറും നിന്നെപ്പോലെ
ഓർത്തു പോയ് ഞാനപ്പോൾ ഞാനുമെൻ മക്കളും
സ്വർഗീയ ഗന്ധം പരത്തും ഭൂവിൽ
എൻ മക്കൾ, അവർ മക്കൾ, അവരുടെ മക്കളും
കൂടെയീ ഭൂവോരുദ്യാനമാക്കും
അതിൽനിന്നുമൂറുന്ന നറുമണം ഭൂവിനെ
മറ്റൊരു സ്വർഗ്ഗമെന്നാക്കി മാറ്റും
അരുണോദയത്തിൽ തുടക്കമായ് രാവിലെ
മഞ്ഞിൽകുളിച്ച് ഈറൻ മാറിനിൽക്കേ
വിരിയുന്നു മൊട്ടുകളെല്ലാം ഒരുമിച്ച്
നറുമണം വീശി ആ ദിക്കിലാകെ
മൊട്ടുകൾ വിരിയുന്നെന്നർത്തട്ടഹസിച്ച് കോ-
ണ്ടക്കുട്ടിക്കുറുമ്പിയെന്റരികിലെത്തി
ഒന്ന് തലോടീട്ടു മെല്ലവേ ഒരു പൂവു,
വേദനിപ്പിച്ചെന്നെ, പറിച്ചെടുത്തു
ആ പൂ മണത്തിട്ടു ഹായ് ഹായ് വിളികളോ-
ടോമന ഓടി അകത്ത് പോയി
ചേട്ടനും പാട്ടിയും കൂട്ടുകുടുംബവും
ഒന്നാകെയോടിയെന്റരികിലെത്തി
ഒരുപൂവുപോലും തരാതെ വിടർന്നവ-
എല്ലാം പറിച്ച് പാത്ത്രത്തിലാക്കി
പോകാം നമുക്കിന്നു ക്ഷേത്രത്തിലിക്ഷണം
ദേവനിതെകാൻ തിടുക്കമായി
ദേവന്റെ കാൽക്കലിതു വച്ചിട്ടെന്റെ കൈ
വേദന മാറ്റുവാൻ പ്രാർഥിക്കണം
എന്ന് പറഞ്ഞിട്ടു പൂവിന്റെ പാത്രവു-
മെടുത്തതുകൊണ്ടോടിയപ്പൂപ്പനാദ്യം
പല്ലിന്റെ വേദന മാറ്റാൻ ഞാൻ പൂക്കളെ
ദേവന് നല്കാമെന്നേറ്റിരുന്നു
ഇന്നിനി പറ്റില്ല, നാളത്തെ പൂക്കളെല്ലാ-
മെനിക്കെന്നമ്മൂമ്മ ചൊല്ലിടുന്നു
സാറിന്റടികൊള്ളാതിക്കണക്കത്രയും
ശരിയായാൽ വഴിപാടിനെന്തുചെയ്യും
നാളത്തെ പൂക്കളെടുത്തോ നീ ദേവന്
കാണിക്കയായി സമർപ്പിക്കുവാൻ
എന്റെയീ പല്ലിന്റെ വേദന മാറ്റുവാൻ
ഒരുനാളുകൂടി ഞാൻ കാത്തിരിക്കാം
എന്ന് പറഞ്ഞിട്ടാ അമ്മൂമ്മ ചേട്ടനെ
സ്നേഹവായ്പോടെ തലോടിടുന്നു
കോടി രൂപക്കുള്ള ലോണിന്റപേക്ഷക്കു
ബാങ്കിന്റെ മാനേജർ മൂളുന്നില്ല
ആ ദോഷം മാറ്റുവാൻ ഞാനെന്റെ ദേവനു
പൂമൂടൽ വഴിപാടു നേർന്നിരുന്നു
അതിനാൽ;ഇനിയുള്ള പൂക്കളെല്ലാം തന്നെ
ആ വഴിപാടുകൾക്കായി വേണം
എന്ന് പറഞ്ഞച്ഛൻ ബെൻസിൽ കയറീട്ടു
ബിസിനെസ്സു നോക്കാനായ് പോയിടുന്നു
ഒന്നു ചിണുങ്ങിയാ കുട്ടിക്കുറുമ്പിയും
വായടക്കാതെ പുലമ്പിടുന്നു
ഇനിയുള്ള പൂക്കളെല്ലാം മാല കോർത്തിട്ടു
ഞാനെന്റെ തലയിലായ് വയ്ക്കുമല്ലോ
പൂക്കളെ തൊടുവാനായിട്ടാരും വരേണ്ടെന്നു
ആ കൊച്ചു രാജ്ഞി തൻ ആജ്ഞ വന്നു
തെല്ലൊന്നു പുഞ്ചിരിച്ചമ്മ പറഞ്ഞുടൻ
പൂക്കളെല്ലാമെന്റെ മുത്തിനാണ്
അച്ഛൻ പറഞ്ഞാലും ചേട്ടൻ പറഞ്ഞാലും
ഈ പൂക്കളിനിയാരും നുള്ളുകില്ല
എല്ലാമിനിനിയെന്റെ പൊന്നിൻകുടത്തിന്
മാലകൾ തീർക്കുവാനായി മാത്രം
മുഖമാകെ മാറിയാ കൊച്ചു കുരുന്നിന്റെ,
ചിരിയുടെ മാലപ്പടക്കമായി
സംതൃപ്തി തോന്നി എനിക്കെന്റെ ജന്മത്തിൽ
എൻപൂക്കൾ ദേവനൊരർഘ്യമാകും
ഒരു പൊൻകുരുന്നിന്റെ മാനസം എൻ പൂക്കൾ
മറ്റൊരു പൂവാടി ആക്കിയല്ലൊ – പക്ഷേ

എന്തോ എവിടെയോ നീറുന്നു എൻ മനം
എന്തിനെന്നറിയാതെ കരയുന്നുവോ
പൂക്കൾ പറിച്ചപ്പോൾ ദേഹം മുറിഞ്ഞതോ
കൊതിതീരാതവരെ കാണാത്തതോ
കാത്തു കാത്തുണ്ടായ പൂക്കളെല്ലാം തന്നെ
കാണാമറയത്ത് പോയെന്നതോ
ഇന്നിനി എൻ തോഴൻ വണ്ട് വരുന്നേരം
പൂക്കൾ എവിടെന്നു ഞാൻ പറയും
വിശന്നു വരുമ്പോൾ അവനു നൽകാനായി
പൂന്തേനുറവക്കിനി എന്തുചെയ്യും
പൂമ്പൊടി പൂശാൻ അവൻവരും നേരത്ത്
പൂക്കളില്ലാത്ത ഞാൻ എന്ത് ചെയ്യും
എന്നോർത്ത് നിൽക്കവേ അറിയുന്നു ഞാൻ മൂളി-
പാട്ടുമായ് ചിരിയുമായ് വണ്ട് വന്നു
തലോടലിൻ സമ്മാനം ഒന്നുതന്നു പിന്നെ
ചുറ്റും പറന്നിട്ടൊന്നെന്നെ നോക്കി
ഇന്നലെ ഞാൻ കണ്ട ഒത്തിരി മൊട്ടുകൾ
ഇന്നു വിടരേണ്ടവ ആയിരുന്നു
എവിടെപ്പോയാ പൂക്കൾ ആ നറും തേനുണ്ണാൻ
പൂമ്പൊടി വാരി പുതച്ചീടുവാൻ
നീയൊളിപ്പിച്ചുവോ എന്നെ കളിപ്പിക്കാൻ
മതിയീ കളിപ്പിക്കൽ കാട്ടിത്തരൂ
ദയനീയമായിട്ടൊന്നവനെ നോക്കി പിന്നെ
ഗദ്ഗദത്തോടെ ഞാൻ പറഞ്ഞു
എവിടെയോ മറയത്ത് നിന്നൊരെന്നെ ഇവിടെ
നട്ടതും പിന്നെ പരിപാലിച്ചതും
ഈ വീട്ടുകാർ അവർക്കൊത്തിരി നന്ദി ഞാൻ
എന്നെക്കൊണ്ടാവുംപോൽ കാണിക്കണം
അവരുടെ പ്രശ്നങ്ങൾ ദേവനോടോതുംപോൾ
അർഘ്യമായ് എന്റെയീ പൂക്കൾ വേണം
ഇന്നത്തെ പൂക്കൾ ആ ദേവന് നൽകുവാൻ
അപ്പൂപ്പനായി പറിച്ചെടുത്തു
പാവം അദ്ദേഹത്തിന്റെ വേദനമാറ്റുവാൻ
എൻപൂക്കൾക്കായാൽ അതെന്റെ പുണ്യം
നാളെയും പൂക്കൾ വിടരും അത് പക്ഷെ
ആ കുഞ്ഞു ചേട്ടന് നൽകവേണം
പിന്നത്തെ നാളെയും പൂക്കൾ വരും
അതുമികുടുംബത്തിന്റർഘ്യമാകും
കുട്ടിക്കുറുമ്പിയും മാലകോർക്കാനായി
പൂവുകൾക്കായിട്ടു കേണിടുന്നു
മുറ്റത്തിറങ്ങിയാൽ ആ കൊച്ചു പൈങ്കിളി
വിശേഷങ്ങൾ ചോദിച്ചെന്റരികിലെത്തും
ഹാപ്പി ആണോ എന്ന് ചോദിക്കും പലവട്ടം
കുഞ്ഞുമ്മ തന്നേ അകത്തുപോകു
രാവിലെ കാപ്പി കുടിക്കുമ്പോൾ കൊച്ചുമോൾ
ദോശ മുറിച്ചുകൊണ്ടോടി എത്തും
സുന്ദരിക്കുട്ടി കഴിച്ചോളൂ എന്നവൾ
ആ ദോശകഷണമെന്റരികിൽ വയ്ക്കും
വെയിലത്തും മഴയത്തും ഒരുകൊച്ചു കുടയുമായ്
അരികിൽ വന്നെന്നോടു ചേർന്നുനിൽക്കും
വെയിലിൽ നീ വാടേണ്ട മഴയിൽ നീ നനയേണ്ട
എന്ന് പറഞ്ഞാ കുട ചൂടിതരും
എവിടേക്കു പോയാലും പോയിട്ടു വന്നാലും
ഒരു തഴുകൽ എനിക്കവൾ തന്നിരിക്കും
ആ കൊച്ചു കുഞ്ഞിനൊരു മാല കോർക്കാനായി
പൂക്കളെടുത്താലെനിക്കെന്തു ചേതം
അറിയുന്നു ഞാനെൻ സുഖങ്ങളെല്ലാം തന്നേ
ഈ വീട്ടുകാർക്കായി മാറ്റിവച്ചു
കാത്തിരുന്നെത്തിയ പ്രിയന് നൽകാനായി
ഇന്നൊന്നുമില്ലെന്റെ പക്കലായി
നാളെയും പിന്നെയും പൂക്കൾ വരും പക്ഷെ
ഈ വീട്ടുകാർ അതു കൊണ്ടുപോകും
കരയുന്നു ഞാനിന്ന് അതിലുള്ള നറുമണം
അതുകൂടെ അവർ കൂടെകൊണ്ടുപോകും
ആ പൂക്കളിൽ നിന്നും ഊറേണ്ട തേൻകണം
എവിടേക്കെന്നറിയാതെ നഷ്ടമാകും
എങ്കിലും നഷ്ടബോധങ്ങളില്ലാതെ
ഞാനെന്നും പൂത്തുകൊണ്ടേയിരിക്കും
നാലഞ്ചു നാളുകൾ കഴിയുമ്പോൾ എൻ പൂക്കൾ
നിനക്കായി മാത്രം ഞാൻ മാറ്റിവയ്ക്കാം
മുഖമൊന്നു വാടി ആ തോഴനാം വണ്ടിന്
സ്വരമൊന്നു പതറീട്ടു മെല്ലെ ചൊല്ലി
എത്രനാൾ നിന്റെയീ പൂക്കൾ നുകരുവാൻ
ക്ഷമയോടെ തന്നെ ഞാൻ കാത്തിരുന്നു
പലവട്ടം മൂളിപ്പാട്ടുകൾ പാടി ഞാൻ
നിന്നരികത്ത് പറന്നെങ്കിലും
നിന്റെയീ മൃദുമേനി തൊട്ടില്ലൊരിക്കലും
നിൻ മന്ദഹാസത്തിൽ തൃപ്തനായി
നിൻപൂക്കൾ നുകരുവാൻ മൗനമായെങ്കിലും
നീ പണ്ടേ സമ്മതം മൂളിയല്ലോ
പഴയ കടപ്പാടുകൾ, അർത്ഥമില്ല അതിലെന്ന്
അറിയണം നീയിനി എന്താണെന്നാൽ
പണ്ടൊരു ചെടിയായി അവർ നിന്നെ വാങ്ങിയതും
വെള്ളമൊഴിച്ചു വളം തന്നതും
അവരുടെ പൂവാടി പൂത്തു വിരിഞ്ഞീടാൻ
സുഗന്ധങ്ങൾ ആ വീട്ടിലലയടിക്കാൻ
ദൈവത്തിൻ മുന്നിലായ് പ്രാർത്ഥിക്കാൻ പോകുമ്പോൾ
നിൻ പൂക്കൾ കൊണ്ടുപോയ് അർഘ്യമാക്കാൻ
നിന്നോടാവർകാട്ടും വാത്സല്യമൊക്കെയും
പുറം മേനി മാത്രമെന്നറിയണം നീ
നിൻ പൂക്കൾ നിൻ ഗർഭപാത്രമാണെന്നു നീ
പണ്ടേ അറിയണമായിരുന്നു
പൂമ്പൊടി, പൂമണം തേനും നിറങ്ങളും
ഞങ്ങൾക്കറിയാൻ, അനുഭവിക്കാൻ
തേൻ കുടിക്കാൻ ഞങ്ങൾ വന്നിരിക്കുമ്പോൾ
പരാഗണ പ്രക്രിയ അതുനടക്കും
അതുമൂലം നിൻ ഗർഭപാത്രത്തിൽ നിന്നുമായ്
നിന്നുടെവിത്തുകൾ ജനിതമാകും
നീയെന്നൊരു ചെടി നശിച്ചാലും, ആയിരം
നീ തന്നെ, വിത്തിൽ നിന്നുടലെടുക്കും
പൂക്കൾ പറിച്ചെടുത്തിട്ടെന്തിനായിന്നവർ
ഒരു വരും തലമുറ നഷ്ടമാക്കി
നിന്നുടെ ഗർഭപാത്രം പറിച്ചമ്പലത്തിൽ ചെന്ന്
ദേവനവരെന്തിനായർപ്പിക്കണം
പ്രാർത്ഥിക്കും നേരമവർ അർപ്പിക്കും നിൻപൂക്കൾ
നിൻ ഗർഭപാത്രമെന്നു പറയില്ലല്ലോ
മാനവരാരും തൻ ഗർഭപാത്രങ്ങളെ
ദേവന് കാഴ്ചയായ് വച്ചിട്ടില്ല
ഒരു ഗർഭകാലം കുടുംബത്തിലൊന്നാകെ
ഉത്സവകാലം ഒരു ദിവ്യ സ്വപ്‌നകാലം
വരുമൊരു കുഞ്ഞിനെ താലോലിക്കുവാൻ തല-
മുറകളൊന്നാകെ ഒരുങ്ങും കാലം
അങ്ങനെയുള്ളൊരീ കൂട്ടരെന്തേ നിന്റെ
ഗർഭപാത്രങ്ങൾ പറിച്ചെടുത്തു
നിന്റെയാ നിർവൃതി, മധുരകിനാവുകൾ
എന്തുകൊണ്ടവരിന്നു നഷ്ടമാക്കി
അച്ഛനും, അമ്മയും കൂട്ടുകാരും പിന്നെ
മക്കളും നന്നാവാൻ പ്രാർത്ഥിച്ചാലും
നീയെന്നൊരു ചെടി നന്നാവാൻ പ്രാർത്ഥിക്കില്ലെ-
ല്ലാ പ്രാർത്ഥനകളും സ്വന്തം നേട്ടത്തിനായ്
അഞ്ചുദിനം കഴിഞ്ഞിനി ഓണം വരും അന്നും
നിൻപൂക്കളൊന്നാകെ നഷ്ടമാകും
തിരുവോണം വരെയുള്ള പത്തുദിനങ്ങളിൽ
ഈ വീട്ടുകാരത്തപ്പൂവൊരുക്കും
നിന്മുന്നിലുള്ളൊരു കോൺക്രീറ്റു തറയിലായ്
മാവേലി കാണുവാനെന്നപോലെ
നിൻ പൂക്കൾ അതിലൊരു ഭാഗമാകും, സൂര്യ
കിരണങ്ങളേറ്റവ കരിഞ്ഞൊടുങ്ങും
വൈകുന്ന നേരത്തു തൂത്തു വാരും അതു
കണ്ടുകൊണ്ടാകെ നീ നീറിനിൽക്കും
ചെടിയുടെ ഗർഭപാത്രം കരിക്കുമീ
മാനുഷർ അതുകൊണ്ടെന്തു നേടാൻ
ഓണത്തിമിർപ്പിന്റെ കൂട്ടത്തിൽ നിൻപൂക്കൾ
മാലകെട്ടാനായി പറിച്ചെടുക്കും
അതുപല വാർമുടികളിലോളം പരത്തുമ്പോൾ
നിൻ മനം സംതൃപ്തമായി മാറാം
മുടികളിൽനിന്നവ കൊഴിഞ്ഞുവീഴുമ്പോളും
അതവരുടെ കാൽക്കീഴിൽ ചതയുമ്പോളും
നിൻ ഹൃത്തു നീറുന്ന നീറ്റൽ എനിക്കിപ്പോൾ
കാണാം വലിയഗ്നി പർവതം പോൽ
പിന്നെയും പിന്നെയും ആഘോഷ നാളുകൾ
നിരനിരയായി കടന്നു വരും
നിൻപൂക്കൾ അതിലെല്ലാം ഭാഗമാകും പിന്നെ
പൂമണം തീർന്നാൽ വലിച്ചെറിയും
പ്രാർത്ഥനക്കായിരം കാര്യങ്ങളും വരും അന്നും
ക്ഷേത്രത്തിൽ നിൻപൂക്കൾ നേദ്യമാകും
ഒരു വിത്തു പോലും വളർത്തിടാനാകാതെ
നിൻപൂക്കൾ എവിടെയോ പോയ്മറയും
പാവമാ കൊച്ചു കുരുന്നിനു മാത്രമേ
ഇന്നിപ്പോൾ നിന്നോട് സ്നേഹമുള്ളൂ
അവൾ വളരും അന്ന് നിനക്കായ് കരയുവാൻ
ആരുമേ ഇവിടെങ്ങും കാണുകില്ല
നിൻപൂക്കളിൽ നിന്നുമുതിരുന്ന തുള്ളികൾ
പനിനീരുതുല്യമെന്നവർ പറയും
അതു നിന്റെ വേദന, അതാരും അറിയാത്ത
കണ്ണുനീർ തുള്ളിയെന്നെനിക്കറിയാം
നീയൊരു നല്ല സുഗന്ധം പരത്തുന്ന
സുന്ദരിയായുള്ള നല്ല ജന്മം പക്ഷെ
ഒരു വലിയ തലമുറക്കധിപയാകാനുള്ള
ഭാഗ്യം നിനക്കില്ല സ്വപ്നറാണി
പോകട്ടെ കൂട്ടുകാരീ വരാമിനി
എന്നെങ്കിലും പൂത്തു നിന്നിടുമ്പോൾ
വേദനയുണ്ടെനിക്കാകിലും എനിക്കെന്റെ
കർമ്മങ്ങൾ ഇനിയും ബാക്കിയുണ്ട്
എന്നു പറഞ്ഞവൻ പോയ്മറഞ്ഞു എന്റെ
സ്വപ്നങ്ങളെല്ലാം എരിഞ്ഞടങ്ങി
ഞാനിന്നു വെറുമൊരു പാഴ്ജന്മം മാത്രമോ
ഞാൻ കണ്ടതെല്ലാം കപട ലോകം
മറ്റുള്ളവരുടെ ഗർഭപാത്രം പോലും
തൻ കാര്യം നേടാൻ തുലയ്‌ക്കും ലോകം
പൂക്കില്ല ഞാനിനി പൂക്കില്ലൊരിക്കലും
പൂക്കുവാനിനിയെനിക്കാവതില്ല
എൻപൂക്കൾ നൽകുന്ന തൂമണം ഇനിയൊരു
അരുണോദയത്തിൽ ഞാൻ നൽകുകില്ല
ഞാനെന്ന ഭാവങ്ങളില്ലാതെ നിങ്ങൾക്ക്
ചൂടുവാനിനിപൂക്കൾ ഞാൻ തരില്ല
പൊരിവെയിൽ, പേമാരി, മഞ്ഞിലും കാറ്റിലും
വാടാതെ പൂക്കൾ ഞാൻ എത്ര നൽകി
ഒരു പൂവു പോലും എനിക്കായി മാറ്റാതെ
മുഴുവനും നിങ്ങൾ പറിച്ചെടുത്തു


up
0
dowm

രചിച്ചത്:സി ശശിധരൻ പിള്ള, ചാർട്ടേർഡ് അക്കൗണ്ട
തീയതി:28-09-2017 08:29:27 PM
Added by :SASIDHARAN PILLAI
വീക്ഷണം:202
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me