കറുപ്പ് - തത്ത്വചിന്തകവിതകള്‍

കറുപ്പ് 


അവള്‍ ചോദിച്ചു;
ഏത് നിറത്തോടാണിഷ്ടം?
വെള്ള?
പച്ച?
ചുവപ്പ്?
മഞ്ഞ?
കാവി?
ത്രിവര്‍ണ്ണം?
ഏതിനോടാ...?
ഞാന്‍ പറഞ്ഞു:
ഒരു നിറത്തോടെനിക്ക്
പ്രിയമുണ്ട്; അത് പറയണമെന്നുമുണ്ട്
പക്ഷെ, ഓരോ നിറവും
ഓരോ ആള്‍ക്കൂട്ടങ്ങള്‍ കവര്‍ന്നെടുത്ത്
കൈവശം വെച്ചഹങ്കരിക്കുമ്പോള്‍;
നാട്ടില്‍ അരാജകത്വങ്ങള്‍ക്ക് തീകൊളുത്തുമ്പോള്‍
ഞാനേതു നിറം പറയണം?!
ഒരു നിറമുണ്ട്; ആര്‍ക്കും വേണ്ടാത്ത നിറം
ആരും കയ്യടക്കാന്‍ കൊതിക്കാത്ത നിറം
ആരോടും പരിഭവം പറയാത്ത നിറം
സൂര്യനുറങ്ങുന്നത് ആ നിറം പറ്റിയാണ്
ചന്ദ്രന്‍ നടക്കാനിറങ്ങുന്നത് ആ നിറച്ചാര്‍ത്തിലാണ്
നക്ഷത്രങ്ങള്‍ കളിച്ചു വിയര്‍ക്കുന്നതും
ആ നിറത്തിന്റെ മുറ്റത്താണ്
പ്രപഞ്ചത്തിന്റെ താളഗരിമ
നിശ്വാസരവം പോലെ കേള്‍ക്കാനാകുന്നതും
ലയിക്കാനാകുന്നതും
ആ നിറത്തിന്റെ സാന്നിധ്യത്തിലാണ്.
എനിക്ക് ആ നിറത്തോടാണിഷ്ടം!
കാടിന്റെ നിറത്തോട്
കാടിന്റെ മക്കളുടെ നിറത്തോട്!!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:19-10-2017 03:35:30 PM
Added by :Kabeer M. Parali
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :