അൽഷൈമേഴ്സ്
ഉണരുക നീ സഖേ,
ഉഷസ്സിൻ ഉണർവ്വിലേ
ക്കടിവച്ചു നീങ്ങുക
തൊടിയിലൂടൊട്ടിട.
ഒരു മരം പല മരം
നാം നട്ട തൈമരം
മുറിയാതെ കരിയാതെ
നിൽപ്പതുണ്ടോ സഖീ?
നീ കൈവെള്ളമേകി
തളിർപ്പിച്ച പൂമരം
പുഷ്പാർച്ചനക്കായ്
ക്ഷണിപ്പതുണ്ടോ നമ്മെ?
ഉണ്ണിയെ തോഴരെ
ഊഞ്ഞാലിലാട്ടിയ
തേന്മാവ് വിരഹാഗ്നി
മന്ത്രിച്ചു തീർക്കുന്നോ?
കുമ്പിൾ കുത്താനില
യേകിയൊരാപ്ളാവിൻ
തോഴരിന്നാണ്ണാനോ
കാകനോ ചെമ്പോത്തോ?
മധുവിനായ് മധുപനോ
ടെതിരേറ്റു കുത്തേറ്റ
കശുമാവിൻ ശിഖരവും
ഓർമ്മയുണ്ടോ സഖീ!
വാളൻപുളി തിന്ന്
കണ്ണിറുക്കിക്കളി,
നാവിതിലിന്നുമേ
വെള്ളമൂറ്റുന്നുവോ?
ചുണ്ടു കറുപ്പിച്ചു
പാടുവാൻ ആടുവാൻ
പഴമുതിർന്നിട്ടൊരാ
ഞാവലാരേ വെട്ടി?
ഓരോ മരവുമോ
രോർമ്മയല്ലേ സഖീ
നെഞ്ചോട് ചേർത്ത്
ശിരസ്സിൽ നിറക്കുക!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|