നിദ്ര - തത്ത്വചിന്തകവിതകള്‍

നിദ്ര 

" നിദ്ര "

"നിറങ്ങളെ തേടിയെൻ യാത്രകളിൽ-
നിശയുടെ തോഴിയായ് നീ അണഞ്ഞു.
ഒരു കുഞ്ഞു രാപ്പാടി മധുരമായ് പാടുമ്പോൾ-
ഒരായിരം വർണ്ണം നിറച്ചെന്റെ സ്വപ്നങ്ങളിൽ.
പ്രണയവും പേറി നീ വന്നണഞ്ഞു-
പറയുവാനേറെയായ് പുലരും വരെ.

പ്രണയമത് ഹിമകണമായ് നെഞ്ചോട് ചേർത്ത്
പ്രാണവേദന മുൾച്ചെടി പോൽ മരുഭൂവിൽ വിട്ട്-
നിന്നെയും പുൽകിയൊരു യാത്ര പോകെ
നശ്വരമീ ജന്മ ഭാണ്ഡങ്ങളൊക്കെയും.
പകലൊളി മാഞ്ഞു സന്ധ്യയും വന്നണഞ്ഞു
പുറപ്പെടാൻ ഞാനുമൊരുങ്ങട്ടെ വേഗം
ഈ യാത്രയിൽ കാണുന്ന കാഴ്ചകളൊക്കെയും
ഈ ജന്മ ചിത്രത്തിൻ നേർക്കാഴ്ചയാകട്ടെ?

പകലന്തിയോളവും ഭാരങ്ങൾ പേറിയീ-
പാരിലായ് നരകത്തിൻ തീരമണയവേ-
നിദ്രതൻ പുഷ്പവിമാനത്തിലേറി ഞാൻ
നിറങ്ങളെ തേടി അലഞ്ഞിടുമ്പോൾ
ഇനിയെല്ലാം മറന്നൊന്ന് വിശ്രമിക്കാൻ
ഈ നിദ്രതൻ ആഴങ്ങൾ പുൽകട്ടെ ഞാൻ?
സ്വപ്നമാം വെളിച്ചമെൻ മിഴിയിതളിൽ
സൂര്യപ്രഭപോൽ ചൊരിഞ്ഞു നിന്നു.

മനസ്സിന്റെ ഇരുണ്ട നിലവറകളിലെങ്ങോ
മോക്ഷത്തിനലയുന്ന ആത്മാവ് പോലെ
മറക്കാത്തൊരോർമ്മയും മായ പ്രതീക്ഷയും
മിഴികളിൽ മുട്ടി വിളിച്ചിടുമ്പോൾ
അനുവദിക്കുന്നില്ല നിദ്ര പുൽകാൻ
അഴൽ നീക്കി വർണ്ണങ്ങൾ തേടുവാനായ്.

അകലെ നിന്നെത്തിയ വേണുഗാനത്തിന്റെ
അവർണ്ണനീയമാം വശ്യതയിൽ
ഇനി ഞാനുമീ നിദ്ര പുൽകീടട്ടെ?
ഇനിയൊരിക്കലുമുണരാത്ത നിദ്രയിത്
ഒടുക്കം വന്നണയുമീ ആറടി മണ്ണിൽ നാം
ഒരു പൂവിൻ ഇതളായലിഞ്ഞു ചേരാൻ
അഹന്തതൻ മുൾക്കിരീടമുപേക്ഷിച്ച്
ആ നിത്യ നിതാന്തമാം നിദ്ര പുൽകാൻ.''

(.......... അഭി...........)


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:08-11-2017 10:15:18 AM
Added by :അഭിലാഷ് S നായർ
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :