ഏകാന്ത കാവ്യം
കാതിലപ്പൂക്കള്‍ക്ക്
എന്‍റെ ഓപ്പോളോളം ചന്തം വരില്ല....
ആര്‍ദ്രനിലാവില്‍ നീരാടിയെത്തിയ ഓപ്പോള്‍ക്ക്
അന്ന് ഋതുമതിപുലരിയുടെ സുഗന്ധം...
വസന്തം വിരിയിച്ച താരുണ്യം
ഓപ്പോള്‍ക്ക് കാത്തുവെച്ചത് അഷ്ടമംഗല്യം..
പുടമുറിയ്ക്ക് ശേഷം പിരിയുന്നനേരം
വാവിട്ടുകരഞ്ഞെന്നെ മാറില്‍ച്ചേര്‍ത്തു
മൂര്‍ദ്ധാവില്‍ ചുംബിക്കുമ്പോള്‍ ഓപ്പോള്‍
തെളിച്ചതും നന്മയുടെ നിറദീപങ്ങള്‍...
കാലമേറെയായില്ല
കറുത്തുപെയ്തൊരു കര്‍ക്കിടകനാളില്‍
നിഷ്കളങ്കതയുടെ കരങ്ങളെച്ചേര്‍ത്ത്
ഇറങ്ങിയപടികള്‍ തിരിച്ചുകയറുമ്പോള്‍
ഓപ്പോളുടെ ചേലയ്ക്ക് ശാന്തിനിറം..
കരിവളകള്‍ കിലുങ്ങിയ കൈത്തണ്ടയില്‍
ചേറുപറ്റിച്ച വിധിയും നീലിച്ചവടുക്കളും..
തൂമ്പത്തുമ്പില്‍ ജീവിതം തേടിയത്
ഒന്നല്ല നാലുവയറുകള്‍.....
വിധിയും കാലവും ചൊരിഞ്ഞ കരുത്തില്‍
പെണ്ണിന്‍റെ അധ്വാനത്തില്‍ കരപറ്റിയ
സന്താനങ്ങള്‍.....
ഓപ്പോള്‍ക്ക് വൈകിവന്ന ഭാഗ്യം
സ്വന്തബന്ധങ്ങളുടെ ആത്മഗതം...
ദേശംതേടിയകന്ന പറവകള്‍ക്ക്
പുറകോട്ടുള്ളവഴികള്‍ അന്യം....
ഏകാന്തതയുടെ നാള്‍വഴികളില്‍ കൂട്ടായി
ലക്ഷ്മിക്കുട്ടിയെത്തുമ്പോള്‍ ഓപ്പോളുടെ
നിറഞ്ഞമിഴികളില്‍ തെളിഞ്ഞതും
ആശ്വാസത്തിന്‍റെ വേനല്‍തിരകള്‍..
തൊട്ടും തലോടിയും പുല്ലരിഞ്ഞും
കൊടമണി കിലുക്കിയും ഓപ്പോളുടെ
പകലുകളില്‍ ലക്ഷ്മിക്കുട്ടി നിറഞ്ഞു..
ഏകാന്തതയുടെ രാത്രിയാമങ്ങളില്‍
മച്ചിലോടിയ കുഞ്ഞന്മാര്‍ ഓപ്പോളുടെ
തേങ്ങലില്‍ നിശബ്ദരായ്......
ഷഷ്ടിയുടെ നിറവില്‍ കൂടണഞ്ഞ
മക്കള്‍ക്കിടയില്‍ തളംകെട്ടിയ മൌനം..
ദീര്‍ഘയാമത്തിന്‍റെ ഇടവേളകളിലെപ്പൊഴോ
മൂത്തമോന്‍ പറഞ്ഞു,
അമ്മയുടെ വിയര്‍പ്പിന് ചേറിന്‍റെ ഗന്ധം
ഗ്രാമീണതയുടെ ടേബിള്‍മാനേര്‍സ്സും
അരുചിയുടെ വേവിച്ച കാച്ചിലും ചേമ്പും
ഫിയെറ്റ് കടക്കാത്ത നാട്ടുവഴികളും
ഇവിടെ എതിരേല്‍ക്കാന്‍ വേറെയെന്തുണ്ട്...
ആകുലതകള്‍ക്കുശേഷം അമ്മയ്ക്കുനല്‍കിയ
പിറന്നാള്‍മധുരത്തിനു പരസ്പരം
പങ്കിട്ടെടുത്ത പച്ചനോട്ടിന്‍റെ മൂല്യം..
ശാന്തിമന്ദിരത്തില്‍ ഉറപ്പിച്ച കട്ടിലില്‍
അമ്മയ്ക്ക് സുഭിക്ഷം ഇനിയൊന്നും അറിയേണ്ട
പാടത്തും പറമ്പിലും പണിയേണ്ട..,
ഓപ്പോള്‍ക്ക് മക്കളുടെവക പിറന്നാള്‍സമ്മാനം..
തിരിച്ചൊന്നും സ്വീകരിക്കാതെ ഓപ്പോള്‍
തെക്കോട്ടുനിവര്‍ന്നു മയങ്ങുമ്പോള്‍
പുറത്തുവെട്ടിയിട്ട മൂവാണ്ടനെ
ചൊല്ലി കലഹിക്കുന്ന ആണ്മക്കള്‍...,
അകത്തളത്തില്‍ അമ്മയുടെ പെട്ടകത്തിനു
കാവലായ് പെണ്‍മക്കള്‍..,
പതിവുതെറ്റിച്ചു ആലപ്പുരയില്‍ നിന്നും
നിര്‍ത്താതെ അമറുന്ന ലക്ഷ്മിക്കുട്ടി.....
എന്‍റെ കാഴ്ചകളില്‍,
ഓര്‍മ്മകളില്‍ ഓപ്പോള്‍ക്കിന്നും
ലക്ഷ്മിക്കുട്ടിയുടെ വിഹ്വലതയാണ്,
നിര്‍ത്താതെയുള്ള അവളുടെ വിലാപമാണ്....
Not connected : |