മതിൽ
തെക്കേവീടും വടക്കേ വീടും തമ്മിൽ ദൂരം കുറച്ചേ യുള്ളു.
കോഴിയും പൂച്ചയും വന്നു വന്നിപ്പോൾ
കിടപ്പറ യോളമെത്തി
വിരുന്നുകാരും പിരിവു കാരും
എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ
മുറ്റം മുറിച്ചു കടന്നു
വല്യമ്മയുടെ കാലം മുതലേയുണ്ടായിരുന്നു
അടുക്കളയിൽ നിന്ന് അടുക്കളയിലേക്ക്
ഒരു ചാൽ
നോക്കിയാൽ കാണാം
രണ്ടു വീടുകൾക്കുമിടയിലെ-
ആ രക്തധമനി
തെരുവുനായ്ക്കൾ
സ്നേഹം കൂടാൻ
ആ വഴിയൊരു പതിവാക്കി
വിറകുപുരയിൽ
ഒരു കില്ലപ്പട്ടി പെററുകിടന്നു
പുലർകാലത്ത്
അരുതാത്ത കാഴ്ചകളിലേക്ക്
കണ്ണുകൾ അന്ധാളിച്ചു.
അതിരുകൾ മുറിച്ചുകടക്കുന്നത്
ഞാനോ നീയോ എന്ന്
പരസ്പരം സംശയിച്ചു.
കുട്ടികളുടെ വഴികളിൽ
അരുതുകൾ കണ്ണുരുട്ടി
അടുക്കളത്തിണ്ണയിലെ
ഉച്ചയുറക്കം
അകത്തളത്തിലായി
അവിടെ ഒരു തവിപായസവും
ഇവിടെ ഒരു മുറിച്ചക്കയും
പരസ്പരം വീടുമാറാൻ
വെറുതേ കൊതിച്ചിരുന്നു.
തെക്കേവീട്ടിൽ നിന്നും
വടക്കേവീട്ടിലേക്കുള്ള
ഊടുവഴിയിൽ
ഒരു കഞ്ഞിരം തളിർത്തു വന്നു
പത്രക്കാരനും പാൽക്കാരനും
ഗേറ്റിൽ തട്ടി വിളിക്കുമ്പോൾ
പതിയെ ഗേറ്റു തുറന്ന്
പരസ്പരം ചിരി പോലെന്തോ കാണിച്ച്
ഒരാൾ പത്രത്തിലേക്കം
മറ്റൊരാൾ അടുക്കളയിലേക്കും -
ഇപ്പോൾ
അതാണത്രേ ട്രെൻഡ് !
Not connected : |