ഉടപ്പിറപ്പിന്റെ പാട്ട്  - തത്ത്വചിന്തകവിതകള്‍

ഉടപ്പിറപ്പിന്റെ പാട്ട്  


സ്വപ്‌നങ്ങള്‍ കാണാറില്ല; ഉറങ്ങിപ്പോയാല്‍പ്പോലും
അഴകാര്‍ന്ന സ്വപ്‌നങ്ങള്‍ കാണുവാന്‍ നില്‍ക്കാറില്ല
മുന്നില്‍ വന്നണയുമീ കറുത്ത കുഞ്ഞുങ്ങളില്‍,
കണ്ണീരു പൊടിയാത്ത കണ്‍തടങ്ങളില്‍, കവിള്‍
രണ്ടിലും വിടരാത്ത സ്വപ്‌നവും സുഗന്ധവും
ആസ്വദിക്കുവാനെനിക്കാവുകില്ലൊരിക്കലും.
സൂര്യനെ പ്രണയിച്ച കാട്ടിലെ പൂക്കള്‍, രാവില്‍
ചന്ദ്രനോടൊപ്പം കഥക്കിരിക്കും ചെറുമക്കള്‍
കാട്ടരുവികള്‍ പാടും പാട്ടുകള്‍ക്കൊപ്പം നിന്നു
നര്‍ത്തനം ചെയ്യും മലര്‍ചിത്തരാം മഹാമക്കള്‍
അവരെക്കണ്ടാണെന്നും പ്രകൃതിച്ചുണ്ടില്‍ മോദ-
പ്പുക്കളും പുലരിയും കുളിരും വിരിയുന്നു!
പട്ടണക്കവലകള്‍ പരിവര്‍ത്തനത്തിന്റെ
ഉത്തുംഗ വിതാനങ്ങള്‍ കയറിപ്പോകുമ്പൊഴും
മാനവര്‍ സംസ്‌കാരത്തിന്‍ പട്ടുവസ്ത്രങ്ങള്‍ മേനി-
ക്കഴകായ് ധരിച്ചെങ്ങുമാദരം വാങ്ങുമ്പൊഴും
ഭരണച്ചെങ്കോലിന്റെയറ്റമെന്‍ ചങ്കില്‍ കുത്തി
നാടുവാഴികള്‍ നേട്ടക്കഥകള്‍ ചൊല്ലുമ്പൊഴും
കുമ്പിളില്‍ കോരും കഞ്ഞിവെള്ളത്തിലൊന്നൊ രണ്ടൊ
വറ്റുകള്‍ പരതുകയാണങ്ങു കാട്ടിന്‍ മക്കള്‍!
ആരൊരാളാവരുടെ കറുത്ത കവിള്‍ത്തടം
ചുംബിക്കു, മവരുടെ പാട്ടുകള്‍ക്കൊപ്പം പാടും,
മണ്ണിന്റെ മണമോലുമാശരീരങ്ങള്‍ ചേര്‍ത്തി
ട്ടാലിംഗനങ്ങള്‍ ചെയ്യും, 'നീയെന്റെ ഉടപ്പിറ'
പ്പെന്നു ചൊല്ലിടും, നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ സുഖ
നിദ്രക്ക് നിലം നല്‍കും അവനെന്‍ സഹോദരന്‍,
അവനെന്‍ പ്രിയങ്കരന്‍, അവനിക്കുമേലവന്‍
മനുഷ്യന്‍, അവന്നു ഞാന്‍ മംഗളമാശംസിപ്പൂ.


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:29-11-2017 05:54:48 PM
Added by :Kabeer M. Parali
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :