മിഴിവേകുന്ന പൂക്കള്‍  - തത്ത്വചിന്തകവിതകള്‍

മിഴിവേകുന്ന പൂക്കള്‍  


ഈ പ്രപഞ്ചത്തിന്‍ ചന്തം,
ഈണവും, വര്‍ണ്ണങ്ങളും,
താളവും ലയങ്ങളും
അച്ഛനുമെന്നമ്മയും!
ഏഴഴകല്ലൊ അല-
തല്ലുമാ മുഖങ്ങളില്‍;
പാതിരാവിലും കാണാം
മിഴിവേകുമാപ്പൂക്കള്‍!
എന്നുമാ ചാരത്തെന്റെ
ഉത്സവമുത്സാഹവും!
എന്നുമാ കൈകള്‍ക്കുള്ളി
ലെന്റെ ലോകവും വിണ്ണും!
സ്‌നേഹ വസ്ത്രങ്ങള്‍ മക്കള്‍-
ക്കമ്മ നെയ്യുമ്പോളതിന്‍
നൂലുനൂല്‍പ്പിലാണച്ഛന്‍
രാവിലും പകലിലും!
അന്നമാണച്ഛന്‍ അമ്മ
പാനനീര്‍, രണ്ടും കാശാല്‍
വാങ്ങുവാന്‍ കഴിയില്ല
പകരം കരുതാനും!
അച്ഛന്റെ നെഞ്ചിന്‍ മീതെ
നടന്നിട്ടല്ലൊ മക്കള്‍
ശീലനം ചെയ്തൂ മണ്ണില്‍
വീഴാതെ നടക്കുവാന്‍!
അമ്മതന്‍ കൈത്താങ്ങിന്റെ
ബലമാണെന്നും നെഞ്ചില്‍
ധൈര്യമായ് കരുത്തായി
നില്‍ക്കുന്നൂ മക്കള്‍ക്കൊപ്പം!
കാലമിന്നേറെപ്പോയി
സ്‌നേഹവും ബന്ധങ്ങളും
വ്യാപാരച്ചരക്കായി
ത്തീര്‍ന്നുവോ തമ്മില്‍ത്തമ്മില്‍?!
കാരുണ്യം വഴിയേണ്ട
അന്തരാളങ്ങള്‍ തീര്‍ത്തും
സ്വാര്‍ത്ഥത തിങ്ങും തമോ
ഗര്‍ത്തമായ് തീര്‍ന്നോ, കഷ്ടം!
പത്തു മക്കളെ പോറ്റാ
നച്ഛനായിടും പത്തു
മക്കള്‍ക്കു കഴിയുന്നി-
ല്ലത്രെയച്ഛനെപ്പോറ്റാന്‍!
അസ്ത്രവിദ്യയിലച്ഛന്‍
നല്‍കിയ ജ്ഞാനം കൊണ്ടാ
മകനസ്ത്രമെയ്തത്രെ-
യച്ഛന്റെ നെഞ്ചിന്‍ കൂട്ടില്‍!
അമ്മതന്‍ മടിത്തട്ടിന്‍
തൊട്ടിലില്‍ കിടന്നവ
നമ്മക്കു കിടക്കുവാന്‍
പാതവക്കൊരുക്കുന്നു!
അമ്മിഞ്ഞപ്പാലിന്‍ ശക്തി
യൂറ്റിയ മക്കള്‍ക്കിന്ന്
ചമ്മലാണത്രെ നെഞ്ചോ
ടൊട്ടിനിന്നാശ്ലേഷിക്കാന്‍!
ഇനിയുമുരുളുമീ
കാലവും, കാറ്റിന്‍ തേരും
പതിയെ പോകും നിന്റെ
യൗവനച്ചൂരും ചൂടും
ആനനപ്രതലത്തില്‍
തലങ്ങും വിലങ്ങുമായ്
വരകള്‍ കോറും പ്രായ
പ്രളയം നിന്നില്‍ മൂടും
അന്നു നീയോര്‍ക്കും 'ഞാനൊ
രച്ഛ, നെന്നച്ഛന്നായി
നല്‍കിയതൊക്കെക്കണ്ടേ
എന്റെ ജീവിതം പോകൂ!'
വരുമന്നു നീ തൂകും
കണ്ണുനീരൊപ്പാന്‍ നിന്റെ
യച്ഛനും, കൂടെക്കാണും
അമ്മതന്‍ ഹൃദയവും!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:06-12-2017 04:13:50 PM
Added by :Kabeer M. Parali
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :