മണ്ണിരമാഹാത്മ്യം
മണ്ണിരമാഹാത്മ്യം
മണ്ണിര മണ്ണിലുറങ്ങുന്നു
മണ്ണുതുരന്നുമിറങ്ങുന്നു
മണ്ണിലുണർന്നു പണിഞ്ഞെന്നും,
മണ്ണുണ്ണാനായെന്നെന്നും
മണ്ണിൽ മെല്ലെ കലപ്പയുമായ്,
കണ്ണില്ലാത്തൊരു മണ്ണിര പോയ്
കണ്ണിൽക്കണ്ടതുപോലുഴുതു
മണ്ണിലതുണ്ണികളൊത്തെന്നും
നട്ടെല്ലില്ലാത്തൊരു ജീവി
നട്ടുനനയ്ക്കും നാട്ടാരെ
ഒട്ടു തുണയ്ക്കുന്നുഴുതിട്ടും
പട്ടും പുടവയുമായ് മട്ടിൽ
ഒരുചാണുള്ളൊരു കോലത്തിൽ
പൊരുതും മണ്ണിൽ പാകത്തിൽ
വിരവർഗ്ഗത്തിലെ വീരനിവൻ
സൗര്യവിഹാരം മേൽമണ്ണിൽ
മൂന്നടിയാഴത്തിൽനിന്നും
തിന്നുകിളച്ചുമറിച്ചെത്തും,
കന്നുകളുഴുതുനടക്കുംപോൽ
മിന്നും പ്രകടനമായെന്നും
മണ്ണിനു ശ്വാസം നല്കുമിവൻ
തുണയില്ലാതൊരുയിന്ദ്രിയവും,
കണ്ണും കർണ്ണവുമായ് ചർമ്മം
വർണ്ണമനോഹരമായ് ജന്മം
മണ്ണിരമലമതു നൽവളവും
നാണ്യമതുതകും വൻവിളവും,
അണ്ണാൻകുഞ്ഞതുപോൽ ഞാഞ്ഞൂൽ
മണ്ണിൽ തന്നാലാവതുപോൽ
അഞ്ചറയേന്തും ഹൃദയവുമായ്,
പഞ്ചമിരാഗം മീട്ടുന്നു
തഞ്ചമതായൊരുസഞ്ചാരം
മഞ്ചലുപണിതീ കർഷകനും
അരുതേയരുതേ മണ്ണിരയാം
വിരയാമിവനെ ഹനിക്കരുതേ,
ആരോഗ്യവുമതുപൊൻമണ്ണിൻ
സാരാംശവുമാണീയീണം
മണ്ണിനു കണ്ണാം മണ്ണിരയെ
മണ്ണിലതെന്നും കാണേണം
മണ്ണിനെ വിണ്ണായ് മാറ്റുന്നീ
മണ്ണിര നമ്മുടെ ചങ്ങാതി.
സന്ദീപ് വേരേങ്കിൽ
Not connected : |