കൊള്ള
കൊള്ള ( ആക്ഷേപഹാസ്യം )
കള്ളൻമാരുടെയോട്ടം നാട്ടിൽ
തുള്ളിത്തുള്ളി കിടുക്കും കൂട്ടായ്
തളളിത്തള്ളിയിരുട്ടിൽ പാളി-
ക്കൊള്ളയ്ക്കായവരിങ്ങെത്തിപ്പോയ്
രാവും പകലും കൊള്ളക്കാരായ്
മേവുന്നവരിന്നിർഭയമായി
കാവിലെ ഭണ്ഡാരപ്പെട്ടികളും
പൂവിളിയായിവരെട്ടിൽ പണിയും
സ്വർണ്ണപ്പണ്ടം പോയെന്നാലോ
കർണ്ണകഠോരം വായ പൊളിക്കും
കഷ്ണംപോലും തിരികെക്കിട്ടാ-
തുഷ്ണിച്ചങ്ങുമിരിക്കുക തന്നെ
പട്ടണമദ്ധ്യേ നട്ടപ്പാതിര-
യെട്ടും പത്തും കള്ളൻമാരവ-
രൊട്ടും മയമില്ലാതെയുമെത്തി-
ത്തട്ടിയതമ്പതുപവനും മറ്റും
ഉടവാൾക്കത്തിയുമൂരിക്കാട്ടി-
പ്പിടയും നെഞ്ചിൽ കുത്തിക്കേറ്റും
അടിയോടെല്ലാം കുത്തിയെടുക്കും
പിടികിട്ടാത്തിവരെക്കാലത്തും
പൂട്ടിക്കെട്ടി കിടത്തിക്കൊണ്ടവ-
രെട്ടിടി നല്കിയതൊട്ടിക്കുന്നതു
മൊട്ടുചലിക്കാ നാക്കതുമാക്കി-
ക്കട്ടിലിലെല്ലാം കണ്ടു കിടക്കാൻ
തട്ടിയ പണവും ദ്രവ്യവുമെല്ലാം
മടിയൻമാരവരോഹരി വയ്ക്കും
പടയെപ്പേടിയതില്ലാത്തോരീ
നാട്ടിലതാർഭാടത്തിൽ മുഴുകും
വീട്ടിൽ സ്വർണ്ണം കുട്ട കണക്കിനു
കൂട്ടിയിരിക്കും മലയാളികളും
വീട്ടിന്നയലത്തുള്ളാൾക്കാരെ-
പ്പട്ടിയെ വിട്ടിട്ടോടിച്ചെന്നും !
തെക്കേയറ്റത്തെത്തും കള്ളൻ
തക്കം പാർത്തു വടക്കിൽനിന്നും
രൊക്കം പണവും സഞ്ചിയിലാക്കി-
ത്തൂക്കിയളന്നവരോടിപ്പോവും
ദയവില്ലാത്തവരിക്കൂട്ടരിവർ
ചായക്കാശിനുമാളെയറുക്കും
മായപ്പൊന്നിനു വേണ്ടിപ്പോലും
കൈയും കാതും ചെത്തിയെടുക്കും
വീട്ടാര്‍ വീട്ടിലതുണ്ടായാലും
കൂട്ടർ പൂട്ടിപ്പോയെന്നാലും
കട്ടപ്പാരയുമായിക്കൊള്ള-
യ്ക്കൊട്ടും ഭയമില്ലെന്നതുമറിയൂ
ഭരണക്കാരതുപോലും ഞെട്ടും
കരണത്തടിപോലാകും കൊള്ള
ശരണം വിളിയതു വനരോദനമാ-
യൊരുനാൾ നാടും പാപ്പരുമാവും
കാവൽക്കാരാം കാക്കിപ്പടയോ
കൂവൽകേട്ടു കുളിര്‍ത്തുനടപ്പൂ
നാവിൽ നിറയെയസഭ്യം തൂവും
പൂവാലൻമാർക്കില്ല ഭയംപോൽ !
സന്ദീപ് വേരേങ്കിൽ
Not connected : |