പൂമ്പാറ്റപ്പാട്ട് - മലയാളകവിതകള്‍

പൂമ്പാറ്റപ്പാട്ട് 

പൂമ്പാറ്റപ്പാട്ട്

പാറ്റയിതെന്തൊരു പൂമ്പാറ്റ
മുറ്റത്തെപ്പൂമകരന്ദം,
മുറ്റിയ നേരത്തൂറ്റാനായ്
ചുറ്റിച്ചിതറും തൊടി ചുറ്റും !

ശൃംഗികയുയരും മൂർദ്ധാവും
ഭംഗിയെഴുന്നിരുചിറകുകളും,
സംഗമമുടലിൽ ഷഡ്പാദം
സംഗതിയേതാണ്ടിതു ശലഭം

ശലഭം പലവിധമുണ്ടുലകിൽ
വലുതും ചെറുതും നൃത്തമതിൽ,
നാലായുള്ള ദശക്കാലം
ശലഭത്തിന്നതു ചക്രഗതി

തുമ്പിക്കൈപോലൊരു കൊമ്പു-
ണ്ടമ്പുകണക്കെക്കൊണ്ടീമ്പാൻ,
തുമ്പി ചുരുട്ടുന്നീ കൊമ്പൻ
കുമ്പ നിറഞ്ഞാലമ്പമ്പോ !

രുചിയറിയാനായ് കാലുകളും
ശുചിയാക്കാനായ് നാരുകളും,
മേൽചിറകുകളുടെയുപരിതലം
സൂചകമാകും ലിംഗത്തിൻ

അറിയും താരിൻ നറുമണവും
നിറമേതെന്നതുമറിയുന്നു,
കുറുമൊഴിയിണയുടെ ചൂടറിയാം
മറുപുറമിലയിൽ മുട്ടയിടാൻ

മുട്ട വിരിഞ്ഞതു കാണുമ്പോൾ
പൊട്ടിക്കരയരുതന്നാരും,
തൊട്ടുതലോടാനാവില്ലാ
കുട്ടിപ്പുഴുവായൊരു ജന്മം !

മുട്ടത്തോടതു തിന്നാദ്യം
പട്ടിണിനീക്കും തന്നെത്താൻ,
അഷ്ടിയതാക്കും പച്ചിലയും
കിട്ടിയനേരം കളയാതെ

പൂർണ്ണവളർച്ചയിലെത്തുമ്പോൾ
വണ്ണംവച്ചൊരു പുഴുവണ്ണൻ,
ധർണ്ണയിരിക്കാനായ്പ്പോകും
പൂർണ്ണത നേടാൻ പ്യൂപ്പയതായ്

പ്യൂപ്പയതൊരുനാളുണരുമ്പോൾ
കൂപ്പിയ കൈകളതുയരുന്നു,
പുഷ്പം തേടിപ്പാറുന്നു
പുഷ്പകവനിയിൽ പൂമ്പാറ്റ.

സന്ദീപ് വേരേങ്കിൽ


up
0
dowm

രചിച്ചത്:സന്ദീപ് വേരേങ്കിൽ
തീയതി:10-01-2018 01:15:41 PM
Added by :Sandeep Verengil
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :