തീവണ്ടിപ്പാട്ട്  - മലയാളകവിതകള്‍

തീവണ്ടിപ്പാട്ട്  

തീവണ്ടിപ്പാട്ട്

കണ്ടിട്ടുണ്ടൊരു കൂവണ്ടി
പണ്ടേയിവനൊരു തണ്ടുപുഴു
രണ്ടായുള്ളിണതണ്ടുവഴി
താണ്ടുകയാണീ തീവണ്ടി

ഭാരം കേറ്റിയതന്നാദ്യം
കരിവണ്ടിക്കാരാമോദം
ദൂരമധീനമതാഹ്ലാദം
സ്മേരത്താലവരഭിവാദ്യം

കല്‍ക്കരിയിന്ധനമാക്കിയവന്‍
കൂക്കിവിളിച്ചു നുരച്ചാവി
ഊക്കു ലഭിച്ചൊരു ധീരനവന്‍
കക്കിയ പുകയതു കരിസമവും

പെട്ടികളെട്ടെണ്ണക്കൂട്ടം
തൊട്ടിട്ടൊട്ടിപ്പടയോട്ടം
കൂട്ടിക്കെട്ടിത്തുടികൊട്ടി-
ച്ചേട്ടന്‍യന്ത്രമതൊറ്റോട്ടം

അന്തർദാഹകയന്ത്രമതായ്
ചന്തം കൂടിയ ദേഹത്തിൽ,
ചാന്തുകലക്കിയ മോഹമതാ-
യേന്തിവലിഞ്ഞ ജനങ്ങളിതാ.

വീതിയതേറിയ പാളത്തിൽ
കാതങ്ങളുമതു നിർത്താതെ
അതിവേഗത്തിലുമുള്ള ഗതി-
യ്ക്കതിനുള്ളിലു രണ്ടാളുമതി.

ഭാവം മാറിയ വണ്ടിയതീ-
പ്പോവുന്നിതിനാലുരതല്ലി
പാവിയ വൈദ്യുതകമ്പിയതിൽ
തൂവിയ വിദ്യുച്ഛക്തിയതായ്

വണ്ടികളനവധിയുണ്ടേവം
മണ്ടുന്നിവരിന്നുണ്ടലിവായ്
കുണ്ടാമണ്ടികളുണ്ടെവിടെ-
പ്പണ്ടേപകലേയുണ്ടവിടെ

സാധനസാമഗ്രികളതുമായ്,
സാധുക്കളുമായ് പോയിടുമെ
സാധിപ്പിക്കുന്നെല്ലാമെ
ബോധിച്ചങ്ങനെ കാൺമതുമെ

കൂറ്റൻനഗരപ്രാന്തത്തിൽ
കാറ്റു കടക്കാത്തൊരു സത്വം
കുറ്റികളൊത്തിരി നാട്ടിയതിൽ
കൊറ്റക്കുടയായ് പാലത്തിൽ

കാറ്റിനെ കീറിമുറിച്ചുണ്ട-
ക്കൂറ്റനുമായിടുമൊരുവണ്ടി
തെറ്റിപ്പോകാതിരുതണ്ടില്‍
പറ്റിച്ചേര്‍ന്നവനെക്കണ്ടോ ?

നീളെ സമാന്തരപാതകളില്‍
പാളം തെറ്റാതൊരുനാളും
ചൂളംവിളിയാലാളുകളായ്
തോളോടൊരുതോള്‍ ചേര്‍ന്നുരുളാം

സന്ദീപ് വേരേങ്കിൽ


up
0
dowm

രചിച്ചത്:സന്ദീപ് വേരേങ്കിൽ
തീയതി:10-01-2018 01:18:25 PM
Added by :Sandeep Verengil
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :