എന്റെ മുന്നിൽ
കുറച്ചു നിമിഷങ്ങൾ മാത്രമായിരുന്നു
എനിക്കു നൽകിയ സമയം.
കണ്ണുകളടച്ചപ്പോഴേക്കും ,അതിഥികളെത്തി,
നിരന്നൂ എനിക്കു മുന്നിലായ്..
അമ്മയുടെ കീറിയ സാരിത്തുമ്പിൽ പിടിമുറുക്കി ,
അവൻ, വൃത്തിയില്ലാത്ത ആ കൊച്ചുപാവ.
മൂക്കീരോലിച്ചു ,ഉമിനീരു നുണഞ്ഞിറക്കി,
'അപ്പ'ത്തിനായ് അവൻ കുഞ്ഞുവായ് തുറന്നു.
നിറഞ്ഞ മിഴികൾ മകന്റെ ദേഹത്തു പതിഞ്ഞു .
ഒട്ടിയ വയറിലെ പൊക്കിൾച്ചുഴി ചോദിച്ചു;
'എവിടെ അച്ഛൻ ?എന്റെ രക്ഷിതാവ് ?'
കുഞ്ഞുമിഴികളിൽ കള്ളിച്ചെടി വളർന്നു.
എണ്ണ കാണാത്ത മുടിയിൽ ,പേനുകൾ
മാളങ്ങൾ തിരയുന്നത് ഞാൻ കണ്ടു.
നനഞ്ഞ സ്ത്രീത്വം, അപക്വമായ നോട്ടങ്ങൾ
എല്ലാം എന്റെ നെഞ്ചിടിപ്പുയർത്തി.
കുഞ്ഞുകൈകളിൽ സാരിയുടെ വലിപ്പം കൂടി ..
ഞാൻ കണ്ടു ,നിഷ്കളങ്കമായ ഒരു വസ്ത്രാക്ഷേപം .
കരയുന്ന പാഞ്ചാലിക്ക്, ഒരു തുള്ളി വെള്ളമായ് പോലും
പക്ഷേ ,കൃഷ്ണനെത്തിയില്ല .എവിടെ നീ ?
തിരഞ്ഞു ഞാൻ ധർമപുത്രരെ, അർജുനനെ,
പെറ്റവയറിന്റെ നൊമ്പരമേന്തുന്ന കുന്തിയെ ,
പ്രാണനാഥന്റെ വേദന പങ്കിട്ട ഗാന്ധാരിയെ,
'അരിമാവിൻ പാലിന്റെ 'രുചിയറിഞ്ഞ അശ്വത്ഥാമാവിനെ.
പുരാണത്തിന്റെ ഏടുകൾ ചിതലരിച്ചു തീർന്നു .
കണ്ടില്ല രണ്ടുപേരെയൊഴികെ മറ്റാരെയും.
ഓടയിൽ നിന്നും ഒരു കാറ്റ് ഇറങ്ങിയോടി .
എന്റെ നാസിക ചുരുങ്ങാൻ തുടങ്ങി
അലൂമിനിയപ്പാത്രത്തിൽ 'ദാന'ത്തിന്റെ മുഴക്കം കേട്ടു .
നിമിഷങ്ങൾ അടർന്നു വീണു
ഒന്ന് ..രണ്ട് ...മൂന്ന് ...
യഥാർഥ്യങ്ങൾ എന്നെ വല്ലാതെ തളർത്തി.
ഞാൻ വിയർത്തു, എന്റെ നിലവിളി അവർ കേട്ടു.
പാവകൾ കൈയുയർത്തി ;മതി നിർത്തൂ .
ഞങ്ങൾ മടങ്ങുന്നു ,വീണ്ടും കാണാം .
കണ്ണു തുറന്നപ്പോഴേക്കും
വേദി ശൂന്യമായിരുന്നു .
Not connected : |