ഈ പ്രണയദിനത്തിൽ
മയിൽപീലിത്തുണ്ടുകൾക്ക് കുഞ്ഞുങ്ങളുണ്ടാവാൻ
കാത്തിരുന്ന കാലമുണ്ടായിരുന്നു
പുസ്തകത്താളുകളിൽ ആകാശം കാണാതെ
പുതുമണം ശ്വസിച്ച് അവ 'പ്രസവിക്കാൻ 'കിടന്നു.
കാറ്റു തട്ടാതിരിക്കാൻ ഏടുകൾ പതുക്കെ വിടർത്തി
എന്റെ കണ്ണുകൾ പ്രസവമുറിയിലേക്ക്
ഇടയ്ക്കിടെ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു.
തുറന്നു നോക്കാനെളുപ്പത്തിനാവാം,
അവയെന്റെ പുസ്തകത്തിന്റെ നടുപ്പേജുകളിൽ
ഗർഭാലസ്യത്തോടെ സുഖനിദ്രയിലാണ്ടു..
ഇണ ചേരാനായിരിക്കാം, അതോ അവൾക്ക്
കൂട്ടുകിടക്കാനോ എന്നറിയില്ല,
വേറെയും തുണ്ടുകൾ അവൾക്കൊപ്പം
ആകാശം കാണാതെ കിടന്നു.
നാളുകൾ കഴിയുമ്പോൾ ഇളകിയിളകി
പലരുടെയും മയിൽപീലികൾ
ഒന്നും രണ്ടും പ്രസവിച്ചിട്ടും
എന്റെ ഗർഭിണിക്ക് പ്രസവവേദന തുടങ്ങിയതേയില്ല
ഇന്നു ഞാനോർക്കുന്നു..
അവളായിരുന്നു എന്റെ ആദ്യ പ്രണയിനി.
കാറ്റു പോലും തട്ടാതെ, നോവേല്പിക്കാതെ
ഞാൻ കാത്തുവെച്ച
എന്റെ സ്വകാര്യപ്രണയം...
Not connected : |