ഭിക്ഷാപാത്രത്തിലെ മഴ
അന്നു മഴ ഒലിച്ചിറങ്ങിയത് ആഴങ്ങളിലേക്ക്
എന്റെ സ്ത്രീത്വത്തിന്റെ ആഴങ്ങളിലേക്ക്
എവിടുന്നോ കൊണ്ടുവന്ന വിത്തുമായ്
എന്തും സ്വീകരിച്ചു ഞാൻ, ഈ ഭൂമി
പ്രകൃതി നൽകിയ തൊട്ടിലിൽ
മഞ്ഞും മഴയും വെയിലുമറിയാതെ
മനസ്സിന്റെ വേദനകളറിയാതെ
ഈ നിറവയറിനുള്ളിൽ
വലുതായി നീ ...
അകലെയേതോ കിളി
നിനക്കായി താരാട്ടു പാടി
വിത്തുമായ് വന്ന കിളിയെ
തേടിയലഞ്ഞു ഈ മഴയിൽ
എങ്ങോട്ടു പോവാൻ ഞാൻ
അകലെ ഇരുട്ടു മൂടിയ വനത്തിൽ
പുതിയൊരു വിത്തുമായവൻ
പറന്നകലുന്നുണ്ടാവാം.
Not connected : |