കവിത
തുറിച്ചു നോട്ടങ്ങളേറെയുണ്ടായിട്ടും
പല കൈകളാൽ വാരിപ്പുണർന്നിട്ടും
കൂർത്ത നഖങ്ങളാൽ പിച്ചിയെറിഞ്ഞിട്ടും
കുസൃതിച്ചിരി മായാതെ നിൽപ്പുണ്ടിന്നും.
അക്ഷരങ്ങളാൽ തീർത്ത മേൽവസ്ത്രമഴി
ച്ചവളെ കാമിച്ചു, ഭോഗിച്ചു
ആഴങ്ങളിലൂഴ്ന്നിറങ്ങി,കുരുത്തു പുതുജീവൻ
അവൾ പിന്നെയും പ്രസവിച്ചു, എത്രയോ..
ചിലരവളിൽ കണ്ണാടി നോക്കി -
യിതു ഞാനല്ലേയെന്നൊരുവട്ടമോർത്തു
നെറ്റിയിലൊരു കുങ്കുമപ്പൊട്ടിട്ടു, ചിലരവളെ
ജീവിതസഖിയാക്കി.
ഒരു കൂട്ടമവളിൽ വിപ്ലവം കണ്ടെന്നാ,
ലൊളിയമ്പുകളാൽ ഭയന്നൊളിച്ചവരുമുണ്ടേറെ
ഇപ്പോഴും മാടി വിളിക്കുന്നുണ്ടെന്നെ ,നിന്നെ
അവളോടൊത്തുന്മാദനൃത്തമാടാൻ
ചിരിക്കാൻ ,കരയാൻ,പ്രണയിക്കാൻ
കൂട്ടിനെത്തും കവിതേ ,നീയൊരു വേശ്യ
വാർദ്ധക്യം തൊടാത്ത, പുതുമണം മാറാത്ത
'പരിശുദ്ധ'യായ വേശ്യ.
Not connected : |