അയിത്തം
തുകൽ സഞ്ചിയിലുപ്പു നെല്ലിക്കയ്ക്ക്
മധുരമേകിയത് ഇല്ലത്തെ കിണറ്റുവെള്ളം
പൊതിച്ചോറഴിക്കാൻ നീ കാത്തിരുന്നത്
കണ്ണിമാങ്ങകൾ കൈയ്യിട്ടെടുക്കാൻ
ഉച്ചവെയിലിൻ കിതപ്പിൽ കൂടിക്കലർന്നത്
എന്റെയും നിന്റെയും ശ്വാസനിശ്വാസങ്ങൾ
അന്നെന്റെ കറുപ്പിനും നിന്റെയീ വെളുപ്പിനും
അതിർവരമ്പൊന്നും വരച്ചിരുന്നില്ല നാം
കാലങ്ങൾക്കിപ്പുറം
നീട്ടിയ കൈവെള്ളയിലിലക്കീറിൽ നീ,
യീ പ്രസാദം പകർന്നേകിയപ്പോൾ
തൊടാൻ മടിച്ചതെന്തേ,യെന്നെ
നിൻ വിരലുകൾ
വിയർപ്പിനുപ്പ് വിശപ്പിനൊരു നിറം
നമുക്കൊരു ദൈവം നിണത്തിനൊരേ നിറം
വിശാലഹൃദയം കൈവിട്ടതെന്നു നീ
എങ്കിലും സുഹൃത്തേ
ആദ്യം മധുരിച്ച നെല്ലിക്കയ്ക്കിന്ന്
ഇതുവരെയില്ലാത്ത കയ്പ്പ്.
Not connected : |