കണ്ണാടി  - മലയാളകവിതകള്‍

കണ്ണാടി  


വീണുടയും വരെ മുഖം നോക്കാം

നെറ്റിത്തടത്തിലൊരു

കുങ്കുമപ്പൊട്ടിനിടം കാണാം

മുഖക്കുരു മുളച്ചതും

പൊടിമീശ കിളിർത്തതും

നുണക്കുഴി തെളിഞ്ഞതും

മുടിയിഴ വെളുത്തതും കാണാം



കള്ളം മറച്ച ചിരി കാണാ,

മുള്ളിൽ നിറഞ്ഞ ഭയം കാണാം

പ്രണയം തളിർത്തതും

പിറകിലൂടെ വന്നാ,ലിംഗനം ചെയ്,

തുമ്മ വെച്ചതും കാണാം

നടന്നു തീർത്ത വഴികളിലേ

ക്കിമയനക്കാതൊരു നോട്ടവുമാവാം

കണ്ണീരുപ്പിൽ ചുണ്ടു നനയും മുമ്പേ

കണ്ണു നിറഞ്ഞതും കാണാം

മനസ്സിനു നേരേയിടയ്ക്ക് വെറുതെ

പല്ലിളിച്ചൊന്നു കാട്ടുകയുമാവാം

മണ്ടത്തരങ്ങൾ പുറത്തു ചാടുമ്പോൾ

മിണ്ടാതെ കേൾക്കുന്ന ചങ്ങാതിയാക്കാം



കൈവിട്ടുപോവുകിൽ ചിതറിത്തെറിച്ചതിൻ

തരിപോലുമില്ലാതെ ദൂരെ കളയണം

ഇല്ലെന്നാലവ ഭൂതകാലത്തിന്റെ

ചില്ലുമുന കേറ്റി ചോരപൊടിക്കും



ചിത്രങ്ങൾ മായാതെയോർത്തു വെക്കാനൊ

രോർമ്മച്ചെപ്പും കൂടെയുണ്ടെങ്കി

ലാത്മകഥയ്ക്കു നീ പേനയെടുക്കേണ്ടെ

ന്നാത്മാർത്ഥമായോതി കണ്ണാടി


up
0
dowm

രചിച്ചത്:NayanaBaiju
തീയതി:20-02-2018 01:16:30 PM
Added by :നയനബൈജു
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :