ജാതി
'ജാതി'ഭ്രാന്ത് മൂത്തവരെ
യാഴ്ച്ചകളോളം നമുക്ക്
തടങ്കലിൽ പാർപ്പിക്കാ
മിരുട്ടിൽ, വെള്ളമില്ലാതെ
യാഹാരമില്ലാതെ, യുടുപ്പില്ലാതെ
യവർ ജാതിയുരുവിട്ടു കഴിയട്ടെ
തൊണ്ട വറ്റുമ്പോൾ
വയറു വിശക്കുമ്പോൾ
നാറുന്ന ദേഹത്തിലീച്ചയിരിക്കുമ്പോൾ
പറയാതെ പറയണം
ചിതലുകൾക്കു,റുമ്പുകൾക്ക്
രക്തമൂറ്റുന്ന കൊതുകുകൾക്ക്
'ജാതി'ചോദിക്കാനറിയില്ലെന്ന്
കനിവു തോന്നിയൊരിറ്റു വെള്ളവു
മിരുളു മായും മെഴുതിരിയുമാ
യാരു നിങ്ങളെയഴിച്ചു വിടുമ
വനു നീയൊരു ജാതി നൽകണ
മതിന്റെ പേരു 'മനുഷ്യനെ'ന്ന്
കരുണ നീട്ടിയ കൈ പിടി
ച്ചവനെ നീയനുഗമിച്ചു, തിരി
ച്ചറിവു വന്ന മനസ്സു നോക്കി
യിരുളു മാഞ്ഞ മിഴികൾ നോക്കി
യിനിയെനിക്കൊരു കവിത ചൊല്ലണം
"കൽത്തുറുങ്കിനകത്തു 'ജാതി '
നിനക്കെന്തു നൽകി "
"മേൽക്കോയ്മ ഭയ
ന്നിരുളു മാറി വെട്ടം വന്നോ
വായു തിന്നു വിശപ്പു തീർന്നോ
ഉറുമ്പു തൊടാതെ വഴി
മാറി നടന്നോ
ചോര മണത്തു കൊതുകു നിന്റെ
ജാതി തിരിച്ചറിഞ്ഞന്തംവിട്ട്
'സൂചിമുന'യൊടിഞ്ഞു
താഴെ വീണോ ?"
അങ്ങനെ പലതും....
Not connected : |