വിശപ്പിനുണ്ട് കുറ്റബോധം ;വിശക്കണ്ടായിരുന്നു
അടുക്കളപ്പുറത്ത് തെങ്ങിൻചോട്ടിൽ
ഇന്നും കമഴ്ത്തി ഒരു കലം ചോറ്
മൂടി വെക്കണോ? വേണ്ട
അധികമുള്ളവരല്ലേ പാഴാക്കു
അതിനുമില്ലേ 'ഒരന്തസ്സ്'
അന്നത്തിനു മുട്ടില്ലെന്നറിയട്ടെ.
കാക്ക തിന്നും 'എച്ചിലുപെറുക്കിയല്ലേ'
കോഴി തിന്നും 'ഇറച്ചി നമുക്കല്ലേ '
പ്രാവ് വരും -ഓ ..സമാധാനം !
പട്ടിക്ക് -ചോറോ ?തിന്നില്ല !
വാർത്ത കാണാം
പതിവ് തെറ്റാതെയുണ്ട്
നാലു കസേരയും നൂറു നാവും
"വിശപ്പിന്റെ നഗ്നതയ്ക്കന്നം മറയാക്കിയവനെ
യത്താഴപട്ടിണിയറിയാത്തവർ അടിച്ചു കൊന്നെന്ന് "
കാര്യമെന്താ -മോഷ്ട്ടിച്ചത്രേ
മുഖം കണ്ടാലറിയാം കള്ളനാണെന്ന് .
അരി,ഉള്ളി ,മുളക് ...അയ്യയ്യേ കഷ്ടം
കോടികളുടെ മോഷണക്കഥകളിൽ
അക്കവലിപ്പമെണ്ണിപ്പറയുന്നത്
കേൾക്കാൻ തന്നെയെന്തൊരു സുഖം
ഇത്രേം സമ്പന്നരാൽ 'സമ്പന്നയാണിന്ത്യ'യെന്ന്
'അഭിമാനിക്കാമല്ലോ '
'കറ'പുരളാത്ത ഉടുപ്പിലങ്ങനെ
വെളുക്കെ ചിരിച്ചുള്ള നിൽപ്പു കാണുമ്പോഴുണ്ടൊരു
സിനിമ കാണും സുഖം
ഇതൊരു മാതിരി..സോമാലിയ.
ഓഫ് ചെയ്യാം.
ഗേറ്റിനു പുറത്തു ശബ്ദം
'വിശക്കുന്നുണ്ട്, ചോറ് വേണമെന്ന്'
ഇവിടൊന്നുമില്ല -പോ !
ചോറ് ചീഞ്ഞു തെങ്ങിനു വളമാകട്ടെ .
അതും 'ലാഭം' നമുക്കല്ലേ !!!
Not connected : |