കയറ്റിറക്കങ്ങൾ
എന്റെ കയറ്റിറക്കങ്ങളിലൂടെ
നീയൊന്നു നടക്കണം
പ്രണയപരവശയായി
ജടയിലിടം നേടിയ ഗംഗയെ,
ദുശ്ശാസനരക്തത്താൽ
മുടി കെട്ടി വെച്ച പാഞ്ചാലിയെ
മുടിയിഴകളിൽ നീ തിരയണം
മുല മുറിച്ചെറിഞ്ഞ
കണ്ണകിയുടെ രോഷവും
മുല ഛേദിക്കപ്പെട്ട
ശൂർപ്പണഖയെന്ന ഉടഞ്ഞ സൗന്ദര്യവും
നീയീ സ്തനഭംഗിയിലോർക്കണം
ആറ്റിലൊഴുക്കിയ കുഞ്ഞിനെയോർ
ത്തസ്വസ്ഥയായ കുന്തിയുടെ
ഒഴിഞ്ഞ വയറു കാണണം
കാട്ടിലലയുന്ന സീതയുടെ
നിറവയറു കാണണം
ഹിഡുംബിയുടെ അടിവയറു കാണണം
സൗന്ദര്യമല്ല പ്രണയമെന്നറിയാനീ
തുടയിടുക്കിൽ ഘടോൽക്കചനുണ്ടാവും
മാതൃത്വഭാവങ്ങൾ മാറുന്നതീ
അടിവയറു പറയും
എന്നെ നീയറിയണം
യുഗങ്ങളായി ഞാനൊളിപ്പിച്ച
ചരിത്രത്തിന്റെ 'കയറ്റിറക്കങ്ങൾ'
ഒന്നുകൂടി നീ താണ്ടണം .
Not connected : |