ജലം
"...... ജലം........"
ഇന്നെന്റെ ഭൂമിക്കു ദാഹിക്കുന്നു
ഇന്നെന്റെ രക്തമത് നൽകിയാലോ?
ഭൂമിയുടെ ദാഹമത് ശമിക്കയില്ലേൽ-
ഭാവിയുടെ ദേഹമത് വരണ്ടുണങ്ങും.
ഇനിയൊരു യുദ്ധമുണ്ടെങ്കിൽ നാളെ
ഇത് തന്നെ കാരണം സത്യം.
ജലമത് നാളെയപൂർവ്വം അത്-
ജീവജാലങ്ങൾക്ക് കിട്ടാക്കനി.
നാളെയൊരു നാളിലൊരു യാത്രാവേളയിൽ-
നമ്മുടെ കൈയ്യിലോ കാണില്ല നീ.
ഇന്നിന്റെ യാത്രയിലെ സഹചാരി നീ-
ഇനിയെത്ര കുപ്പികളിലായ് നിരന്നു.
നാളെയതുമാറി ദാഹമകറ്റുവാനായ് -
നാം കരുതിടും ഗുളികകൾ യാത്രകളിൽ.
ദാഹജലമതു വീട്ടിലോ സംഭരിക്കാൻ-
ദയാഹർജി നൽകണം സർക്കാരിന്.
വിയർപ്പും മുലപ്പാലുമില്ലാതെയായിടും-
വിലയതു നൽകേണം മലിന ജലത്തിനും.
നിധി നിന്നെ തേടി അലഞ്ഞിടും നാളെകൾ-
നിറകുടമെന്നത് സ്വപ്നമായ് മാറിടും.
നിൻവിലയറിയാത്ത നിന്നെ അറിയാത്ത-
നാളെയുടെ തലമുറ ജനിക്കുമിവിടെ.
നാളെയീ ഹൈഡ്രജനും ഓക്സിജനുമൊന്നാകും
നിന്റെ നിർമ്മാണശാലകളിൽ നിർലോഭമായ്.
ചന്ദ്രനിൽ ചൊവ്വയിൽ മറ്റ് ഗ്രഹങ്ങളിൽ-
ചെന്നെത്തും മനുഷ്യരോ ജലമതു തേടി.
ജലമില്ലയെങ്കിലോ ജീവനില്ല
ജഡരാഗ്നി പോലും ശമിക്കയില്ല.
ജലത്തിന്നു വേണ്ടി ജനമൊന്നിക്കണം
ജാതി പറഞ്ഞു വെറി പൂണ്ടിടാതെ.
മരവും മലകളും തിരികെ നൽകൂ
മണ്ണിന്റെ മേലാട മാറ്റീടാതെ
മരങ്ങളെ മക്കളായ് കണ്ടു കൂടെ?
മതിവരാതെ മഴ സംഭരിക്കൂ.
കടപുഴകി വീഴ്‌ത്തണം കോള നിർമ്മിതികളെ.
കുഴൽ കുത്തും കുടിവെള്ള കമ്പനികളെ.
മഴവെള്ളമൊഴുകാതെ തട കെട്ടിടൂ.
മലിനമാകാതെയത് സംഭരിക്കൂ.
പുഴയുടെ അഴകിനായ് മഴയുടെ നിറവിനായ്-
പഴമയും പുതുമയും കൈകോർത്തിടാം-
ജലത്തിന്റെ ജാലങ്ങൾ കാണുവാനായ്-
ജനത്തിന്റെ ദാഹമകറ്റുവാനായ്. "
.......... (അഭി).............
Not connected : |