മംഗ്ലീഷ് മല്ലു       
    മംഗ്ലീഷ് മല്ലു :  (കവിത)
 
 "മലയാളഭാഷയെ കുട്ടിയുടുപ്പിട്ട്-
 മലീമസമാക്കുന്ന മക്കളുടെ നാട്ടിൽ-
 
 'മുലപ്പാലെന്ന്' പറയുവാനറിയാത്ത
 'മല്ലു' വിനിഷ്ടമീ 'മംഗ്ലീഷിനെ'.
 
 മിണ്ടാനറിയില്ല മൂളാനറിയില്ല
 മലയാളമെന്നതോ കണ്ടാലറിയില്ല.
 
 മിണ്ടുന്നതും പിന്നെ 'ടൈപ്പുന്നതും'-
 'മലയാലി' എന്നു പുലമ്പുന്നതും-
 
 പണ്ടൊരു പരദേശി ഛർദ്ധിച്ചു പോയൊരാ-
 പത്രാസിൻ ഭാഷയെ കൂട്ടിക്കുഴച്ചല്ലേ?
 
 മക്കളെ മോടിയിൽ മംഗ്ലീഷ് പറയിച്ച്-
 മുറ്റത്ത് കൂട്ടിനായ് അൽസേഷൻ നായയും-
 
 ചുണ്ടിൽ ചുവക്കുന്ന ലിപ്സ്റ്റിക്ക് വർഷവും-
 ചടുലതാളത്തിനായ് ഹൈഹീൽഡുമായെത്തി-
 
 തുള്ളിക്കളിക്കുന്ന തരുണിമണികളോ-
 തമ്മിൽ പറയുന്നു മംഗ്ലീഷ് മാത്രം.
 
 ചാനലിൽ ചെന്നൊന്നു 'ചാറ്റു'വാനും
 ചടുലതാളത്തിനൊത്താടുവാനും-
 
 മത്സരിക്കുന്നൊരാ 'അവതാര' ദ്രോഹികൾ
 മനസ്സിനോ മരവിച്ച കാഴ്ചയായി.
 
 മംഗ്ലീഷ് ചുണ്ടിലും ചേർത്ത് വച്ച്-
 മക്കളെ മറുകരയെത്തിക്കുമ്പോൾ
 
 മലയാളി മറക്കുന്നു മലയാളത്തെ.
 മരിക്കുന്ന നമ്മുടെ പെറ്റമ്മയെ.
 
 കുഞ്ചനും തുഞ്ചനും പാടി പുകഴ്ത്തിയ
 കൊയ്ത്തുപാട്ടീരടി താളം പിടിച്ചൊരാ-
 
 നന്മയുടെ നമ്മളുടെ ഭാഷയൊന്ന്
 നേരിന്റെ ഭാഷയീ മാതൃഭാഷ.
 
 മാറണമീ നവമാധ്യമ ശീലങ്ങൾ.
 മാറണമീ നവജീവിത രീതികൾ.
 
 അമ്മയിൽ നിന്നടരുന്ന കുഞ്ഞു പോലും-
 ആദ്യം പറയുന്ന 'അമ്മ മലയാളം'.
 
 അറിയില്ലൊരിക്കലും മലയാളിക്ക്-
 അക്ഷരമുത്തിന്റെ മേന്മയിന്ന്.
 
 അറിയുമൊരുനാളിലീ ഭാഷതൻ മേന്മ
 അന്നിവിടെ മാറുമൊരു 'മംഗ്ലീഷു നാടായ്'
 
 (........... അഭി..........)
      
       
            
      
  Not connected :    |