നാളെയാവാം
എന്നെ ചുറ്റിയ കൂട്ടം പതിയെ മൊഴിയുന്നു
അറിയാൻ മോഹമുദിച്ചെങ്കിലുമറിഞ്ഞില്ല
കരങ്ങളുയർത്താൻ തുനിഞ്ഞെങ്കിലും
പൊങ്ങാതെ മരവിച്ചു പോയെൻ ശരീരം
എവിടെയോ ഒരേങ്ങലും നിലവിളിയും
മൊഴിനാവാതെ ഒന്ന് നിവരാനാവാതെ
നിശ്ചലമായ് നോക്കി കണ്ടു ഞാൻ
എന്നിൽ നിന്നുയർന്നതെന്നാത്മാവോ
കേൾക്കുന്നു ഞാനവരുടെ സ്വരങ്ങൾ
വേദ വാക്യങ്ങൾ തൻ പാരായണം
പതിയെ നീങ്ങും കാലൊച്ചകൾ
ഉലയുന്നു ഞാനുയരത്തിൽ എപ്പഴോ
ഉറക്കെത്തുറക്കാൻ ശ്രമിച്ചെൻ കണ്ണുകൾ
പതിയെ എഴുന്നിടാൻ തുനിഞ്ഞു ഞാൻ
നേരിയ വെളിച്ചത്തിലെന്നമ്മ തൻ മുഖം
മരണത്തിനംശമല്ലോ നിദ്രയെന്നോർമയായ്
പുതിയൊരു പുലരിയിലൊരു ചിന്ത
പുതുപ്രതീക്ഷയിൽ മനസ്സിൽ മൊഴിഞ്ഞു
'നന്നാവണം' പുലരിയെ സാക്ഷി നിർത്തി
വീണ്ടും മൊഴിഞ്ഞു മനതിൽ 'നാളെയാവാം'
Not connected : |