മായരുതേയെൻ മധുര നിലാവേ..
എന്റെ കണ്ണുകൾക്കെന്തേ നിന്നോടു
പരിഭവം..തൂകുന്നു കണ്ണീരതെന്നും നിനക്കായ്
ഉള്ളിന്റെ ഉള്ളിലൊരു കോണിലായ് സൂക്ഷിച്ചു വച്ച ചിര സ്മരണ തൻ സൗധങ്ങളുടയുന്നുവോ
പൂന്തിങ്കൾ തോൽക്കുന്ന ശ്രീത്വം നിറഞ്ഞ നിൻ പൂമുഖം വാടി പതിഞ്ഞു പോയോ
നിന്റെമിഴികളിൽ ഞാൻ കണ്ട കുഞ്ഞിളം പ്രാവും
വിദുരമൊരു തേങ്ങലായി ദൂരെ മാഞ്ഞോ..
അകലെയേതോ കടലിനാഴങ്ങൾ തേടി നീ നിന്നിലെ
നിന്നെവിട്ടെങ്ങു പോയി..
ഓർക്കുവാനൊന്നുമില്ലേറെയെന്നാലും ഓർക്കണം ഞാനെന്ന പാഴ്ചെടിയേ..
കാണുവാനാവില്ല ഇനിയുമെന്നാലും കാണുന്നു നിന്നെ ഞാനെന്നുമെന്നിൽ
എന്റെ പ്രാണനിൽ നീ നട്ട സ്നേഹമാം മുല്ലയിൽ ആദ്യമായി മൊട്ടിട്ട പൂവു വാടി
നിന്റെ തൂവിരൽ സ്പർശം കൊതിച്ചതിൻ തളിരിലകൾ മൂകമായി കൊഴിയുന്നതറിയുന്നുവോ
എന്റെ നൊമ്പരം മായ്ച്ച നിൻ തരളമാം പുഞ്ചിരിയും ആലോലമീകാറ്റിലലിഞ്ഞു പോയോ
ഇനിയെന്നു വിടരുമീ ചുണ്ടിലാ പുഞ്ചിരി
തേടുന്നു ഞാനിന്നുമീയിരുട്ടിൽ
എന്റെ സിരകളിൽ പ്രണയമാം പ്രളയം നിറച്ചു നീ ഒഴുകിയങ്ങകലുന്നതെങ്ങു ദൂരെ..
ഇവിടെയൊരു കോണിലിടനെഞ്ചിലെരിയുന്ന
തീക്കാറ്റുമേറ്റു ഞാൻ കാത്തിരിക്കും
Not connected : |