നാരങ്ങാമിഠായി.
ആദ്യമായ് അക്ഷരതുമ്പിതൻ പിന്നാലെ-
യോടിയടുത്തൊരാ നൽസുദിനം, പിന്നെ,
പാറിപ്പറന്നിതാ തേൻ നുകരും കൂട്ടു
ചങ്ങാതിമാർക്കൊപ്പം പോയ കാലം.
പുത്തൻ കുടയെടുത്താർത്തുല്ലസിച്ചതാ
അച്ഛനോടൊപ്പം നടന്ന കാലം,വീണ്ടുമായിരം
ഉമ്മകൾ പൊൻകിരണം പോലെ അമ്മതൻ
ചുണ്ടു പൊഴിഞ്ഞ നേരം......
കടലാസു തോണിയെ മടിയിലിരുത്തി ഞാൻ
മഴ കാത്തു നിന്നൊരാ നല്ലകാലം, പിന്നെ
ചേച്ചിയോടിത്തിരിക്കടിപിടി കൂടിനല്ലടി-
വാങ്ങി ചിമ്മിചിണുങ്ങുവോളം.
പാറിപ്പറക്കുന്ന കുഞ്ഞികിളികളോടായിരം
കിന്നാരം ചൊന്നനേരം, കൊച്ചു പൈതലായ്
അമ്മതൻ മടിയിലിരുന്നു ഞാൻ
ആദ്യാക്ഷരങ്ങൾ കുറിച്ചനേരം,,
ചൂരൽ കഷായത്തിൽ കണ്ണീരുചാലിച്ചു
നാരങ്ങാ മിഠായി തിന്നുവോളം...
കാണാൻ കൊതിച്ചുപോമീനേരമെന്തിനു
മാഞ്ഞുപോയയെന്നിൽനിന്നിത്ര വേഗം.......
ഇനി കാണില്ലയീമട്ടു കാഴ്ചകളെങ്ങുമേ
ചൊല്ലുവതു ഞാനല്ല, നീയല്ല,. പിന്നെയോ
കാലം കുറിച്ചിടും പരമാർഥമല്ലയോ.....
Not connected : |