വാകപ്പൂവ്
ധന്യനായ് നിൽപ്പു ഞാനീ കവാടത്തിനരികിലായ്
വാസന്ത പുഷ്പമമെൻ ചാരെയണയും നേരം
നാണത്താൽ കരിയിലകൾ ചാഞ്ഞു മറയുമീ,
ഓളപ്പരപ്പിൽ ഞാനോർക്കുമെൻ ബാല്യം.
മുത്തും, പവിഴവും, കൂട്ടി മിനുക്കിയന്ന-
ക്ഷര രശ്മിതൻ പിന്നാലെ പായവേ
ചെന്നെത്തിയോമൽ സുഖം ചിന്തുമോമന-
ച്ചന്തത്തിൽ നിൽക്കുമെൻ ആത്മവിദ്യാലയം.
കൊട്ടിപ്പിടഞ്ഞന്നു പാഞ്ഞോടവേ നിന്റെ
പട്ടുപോലുള്ളൊരാ മേനി മേൽ നിൽപ്പതു,
പത്തുകൾക്കപ്പുറം ഞാൻ നട്ടൊരീട്ടിയും
കേര വൃക്ഷത്തൈയുമെൻ ചെറു വാകയും.
എത്തിടും നിൻ ചാരെയെന്നോമൽ
പൈങ്കിളി കൂട്ടവും, പൊൻമയിലും....
ചന്തത്തിലിത്തിരി തേൻ ചേർത്തൊരാനന്ദ
സുന്ദര പുഷ്പമെന്നരികിൽ നിൽക്കേ..
മന്ദസ്മിതം തൂകുമോമനപ്പൈതൽ പോൽ
നിർമ്മലം നിൻ മിഴികളെന്നോമലേ....
ചെന്താമര നീർതുള്ളിയായ് നിന്നുടൽ
പുഷ്പിച്ചിടുന്നിതീ അങ്കണത്തിൽ.
സമയമിതെങ്ങുപോം മിന്നൽപിണറു പോൽ
ഇവിടെ ഞാനേകനെന്നോർത്തുകൊൾക.
സന്ധ്യ മയങ്ങുന്നു, മാനമിരുളുന്നു,
കാർമുകിലെൻ നേർക്കു വന്നിടുന്നൂ....
ചൊല്ലിയവനിങ്ങനെ എൻ നേർക്കു ദീർഘമായ് ,
"പൊയ്ക്കൊൾക, പൊയ്ക്കൊൾക
സമയമിങ്ങേറെയായ് അറിയുക നീ"
കായൽപ്പരപ്പിലൂടങ്ങിങ്ങു തോണികൾ
ഏറെ വേഗത്തിൽ തുഴഞ്ഞിടുന്നൂ.
പോകേണ്ടതുണ്ടിനി ദീർഘമാം യാത്രകൾ
ക്ഷണനേരമില്ലെന്നതറിയുന്നു ഞാൻ.
പടിയിറങ്ങുമ്പൊഴെൻ കരങ്ങൾക്കു കൂട്ടായി,
മടിയിലിരിപ്പതെൻ വാകപ്പൂവും,
പിന്നെ,
ചെറുതേൻ നിറച്ചൊരാ ചെത്തിക്കായും.
കളകളം പാടിയെൻ കേവഞ്ചി ദൂരെയ-
ങ്ങിരുളിൽ പതിയെ മറഞ്ഞുപോയി.....
Not connected : |