എന്റെ നാടെവിടെ? - തത്ത്വചിന്തകവിതകള്‍

എന്റെ നാടെവിടെ? 

ഇതാണോ എന്റെ നാട്?
എന്തോ ഒരു സംശയം
നാളെ പുലരുകിൽ കേമത്തിലൊരു
വീമ്പു പറയാമെന്നു കരുതിയിരുന്നതാണ്
പക്ഷേ.....
വെട്ടും ,കുത്തും , വ്യാധികളും
എന്റെ നാടിനെ നരകത്തെക്കാൾ
പേടിപ്പെടുത്തുന്ന എന്തോ ഒന്നായി
രൂപപ്പെടുത്തിയിരിക്കുന്നു.
എന്തുപറ്റി എന്റെ നാടിന്?
തെളിനീരൊഴുകുന്ന പുഴകൾക്കു പകരം
കണ്ണീർക്കയങ്ങൾ,
പുഞ്ചിരി വിരിയേണ്ട പിഞ്ചു കവിളിണയിൽ
രക്തബന്ധം സമ്മാനിച്ച മുൾക്കിരീടം,
നിയമത്തെ കയ്യാമം വച്ചു കൊണ്ടുപോകുന്ന
കയ്യേറ്റക്കാർ,,,
ച്ഛെ...ച്ഛെ....
അല്ല ഇതെൻറെ നാടല്ല
ഞാൻ പഠിച്ച മാവേലിയുടെ നാടല്ല
തുഞ്ചന്റെ ഈരടികൾ പിറന്നുവീണ നാടല്ല
വഞ്ചിപ്പാട്ടിന്റെ കൊഞ്ചലുകളില്ല
വയലാറും, ഒഎൻവിയും,
സുഗതകുമാരി ടീച്ചറും
പിറന്നനാടല്ലിത്,
അതിലുമുപരി
ദൈവത്തിന്റെ സ്വന്തം നാടേയല്ലിത്.
പിന്നിവിടെ ആരാണുള്ളത്?
കൺതുറന്നു നോക്കുവിൻ
കാണേണ്ട കാഴ്ചകൾ കാണുവിൻ
എലിവിഷ പെട്ടിക്കുള്ളിലും
ടച്ച്സ്ക്രീനുള്ളിലും നിന്നൊന്നിറങ്ങൂ...
നമുക്ക് നമ്മുടെ നാടിനെ തിരയാം
വഴി തെളിച്ചിടാം ഒരു നവയുഗത്തിലേക്കിനി...


up
0
dowm

രചിച്ചത്:രേഷ്മ .കെ.
തീയതി:04-06-2018 01:59:27 PM
Added by :Reshma
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :