പട്ടട
നോവിന്റെ വേദനച്ചിപ്പിയില്‍ നിന്നെന്നെ
ഭൂവിലേക്കമ്മ തുറന്നുവിട്ടപ്പൊഴെന്‍ ,
താരിളംമേനി പിടച്ചു; ഞാന്‍ വാവിട്ടു
പാരിന്റെ തൊട്ടിലില്‍ വീണു കരഞ്ഞുപോയ്!
മോദമോടായിരമുമ്മകള്‍ തന്നെന്നെ
മാറോടണച്ചിട്ടു പാലമൃതൂട്ടവെ,
പുഞ്ചിരി സമ്മാനമേകിഞാനമ്മതന്‍
നെഞ്ചില്‍ വഴിഞ്ഞുപോയാനന്ദപ്പുഞ്ചിരി!
മൊത്തി മുലപ്പാല്‍ കുടിച്ചുഞാനെന്‍ കൊച്ചു-
സ്വപ്നലോകങ്ങളില്‍ സഞ്ചരിച്ചെപ്പൊഴോ
മുത്തുക്കുടത്തിന്റെ പാല്‍നിലാപ്പൂമുഖം
മൊത്തിക്കുടിക്കുകയായിരുന്നീടണം.
മൂഢമാമീലോകമിഥ്യയില്‍ നീയെന്നെ
ഗാഢം തളച്ചിട്ടതെന്തിനെന്‍ കാലമെ?
പാടും പുഴകളും, കാടും, വനങ്ങളും
പൂവും, കിളികളുമര്‍ക്കനുമിന്ദുവും,
വൃന്ദാവനങ്ങളുമമ്പാടിക്കണ്ണനും
എന്തിനീജീവനും, ജീവജാലങ്ങളും?
പോകുകയാണുഞാനീവഞ്ചനാലോക
മാകുലം; വാടക വീടൊഴിയട്ടെ ഞാന്‍ .
ആനന്ദമെല്ലാം തരേണ്ടദൈവങ്ങളി-
ന്നാനന്ദമില്ലാത്ത കല്ലായിമാറിയോ???
Not connected : |