മഴയെത്തും നേരം
ഏറെ കാത്തിരുന്നു ഒടുവിൽ നീ എത്തി
എൻ ചിത്തത്തിനാമോദമായി ...
നിന്നെ പുണരാൻ വെമ്പുന്നു എൻ കരം
നിൻ മൃദു സ്വരം കേൾക്കേ പുളകിതമായെൻ അന്തരംഗം ...
ഉണർന്നു എൻ ജീവനാഡികൾ കുളിരണിഞ്ഞു ദേഹമാകെ
ഒരു ജീവ സ്പർശമായി
നിൻ അശ്രു ബിന്ദുക്കൾ പതിഞ്ഞ ഭൂമി ഉന്മേഷത്താൽ ഉണർന്നു പുതു ജീവൻ അങ്കുരിച്ചു
ഹരിതകമായി എങ്ങും ....
ചുറ്റും ഇരുളാൻ തുടങ്ങി ഗഗനേ കരിമേഘങ്ങൾ തമ്പടിച്ചു .
ശീതള മാരുതൻ വീശുന്നു...
പറവകളൊക്കെ ചിലച്ചു പറക്കുന്നു. ദൂരെ ദിക്കിൽ നിന്നും പടി കടന്നെത്തുന്ന
ആരവം
ചിലപ്പോൾ തൊട്ടുതലോടിയകന്ന്, മറ്റു ചിലപ്പോൾ കുത്തിനോവിച്ച് കടന്നു പോയ നിൻ കുറുമ്പ് ഓർക്കുന്നു ഞാൻ
അറിയാതെ നീ എത്തുമ്പോൾ കുടയായി തൂശനില ചൂടി നടന്നൊരു ബാല്യമുണ്ട് എൻ ഓർമ്മയിൽ ...
നീ എത്തുമ്പോൾ എൻ കൊച്ചു വീടിൻ മേല്‍ക്കൂരകള്‍ ചോർന്നൊലിക്കുന്ന കാഴ്ചകൾ ഇന്നും ഓർമ്മയിൽ എത്തുന്നു
ഈറൻ തുള്ളികൾ ചോര്‍ന്നൊലിച്ച് ഉണരുംമുമ്പേ എന്നേ വിളിച്ചുണര്‍ത്തി ഉറക്കം കെടുത്തിയ കുസൃതി കുരുന്നാണ് നീ ......
ചിലപ്പോൾ അലസനായി മറ്റു ചിലപ്പോൾ കരുത്തനായി നിൻ നടന ഭാവങ്ങൾ അവർണനീയം.
ഒരിക്കലും പിരിയരുതേ എന്ന മോഹമുണ്ട് എങ്കിലും പിരിയാതെ വയ്യ .
വീണ്ടും വീണ്ടും നീ ഒരു അതിഥിയെ പ്പോലെ വന്നു നിൻ സാമീപ്യം എത്ര സുഖകരം ... .....
Not connected : |