പേരു വീഴാത്ത നക്ഷത്രങ്ങൾ
തോരാതെ പെയ്ത മഴയും
ഉറഞ്ഞു തുള്ളിയ പ്രകൃതിയും
ഇടയിൽ കിടന്നു പിടയാനത്രെ
മനുഷ്യ പുത്രർ തൻ വിധി
കടലിലേക്കുള്ള വഴിയറിയാതെ
പരക്കെയൊഴുകി പുഴ
പുഴയെ തേടിയലഞ്ഞു നീങ്ങി
തോടുകൾ കൈവഴികൾ
മേഘങ്ങളിൽ മറഞ്ഞു സൂര്യൻ
രാത്രി മറന്നു നിലാവും
പുഞ്ചിരി മാഞ്ഞ നക്ഷത്രങ്ങൾ
ഗതിയറിയാതെ കാറ്റും
ഇടയിലെവിടെയോ ചെറിയൊരിടം
ഇടം പറ്റാത്ത മനുഷ്യർക്കിടമായ്
പ്രകൃതി കനിഞ്ഞു നൽകിയ ഇടം
എല്ലാം നഷ്ടപ്പെട്ടവരാണവിടം
ഉടൽ പിരിഞ്ഞു ചില ആത്മാക്കൾ
എങ്ങോ യാത്രയായി
പ്രകൃതിയുമായലിഞ്ഞു പോയ്
ആത്മാക്കൾ പിരിഞ്ഞ ഉടലുകൾ
സൂക്ഷ്മമായ് വഴി നിർണയിച്ചു
വഴി മുട്ടിയവർക്ക് വഴിയായ്
മെയ് മറന്ന ആയിരങ്ങൾ
രക്ഷക്കായി ത്യജിച്ചു പലതും
ഉയരം കൂടിയെന്നറിഞ്ഞു ഉയരാതെ
സുരക്ഷിതമായി എത്തിക്കാൻ
വഞ്ചി തൻ ചവിട്ടു പടിയായ്
സ്വയം ചവിട്ടു പടിയായൊരാൾ
കാലുകൾ കുഴഞ്ഞുവോ
അവർക്ക് ദേഹം തളർന്നുവോ
ഇല്ല , ചിറകുകൾ മുളച്ചു
ആത്മ ധൈര്യം ഇച്ഛാശക്തി
അവർ മണ്ണിൽ ഉദിച്ച താരങ്ങൾ
സൂര്യൻ മറന്ന പകലിലും
വഴികാട്ടിയായ് മാരുതനായ്
തോരാൻ മറന്ന മഴയിലും
നന്മ വറ്റാത്ത പ്രഭയുമായ്
അനുഭവത്തിന്റെ ചൂട്
അജ്ഞാത വെളിച്ചങ്ങൾ
പേരു വീഴാത്ത നക്ഷത്രങ്ങൾ
Not connected : |