എന്റെ പ്രണയം
ചുട്ടുപൊള്ളുന്ന ഗ്രീഷ്മത്തിൻ കാഠിന്യത്താൽ
യുവത്വത്തിന്റെ കരിമ്പച്ച കലർന്ന-
യുടുപ്പണിഞ്ഞോരെൻ തളിരില
അകാലത്തിൽ പുൽച്ചെടിയിലേക്ക്
മുഖം പതിച്ചു വീണപ്പോഴാണ-
ന്നാദ്യമായി
പിന്നിലെവിടെയോ മറഞ്ഞിരുന്ന നിന്നെ ഞാൻ കണ്ടത്
ഒരേ മരത്തിന്നിരുശാഖകളിൽ നാമിരുവരും
വാണിരുന്നാകിലും
ഒരു കവചം പോലെന്നോട് ചേർന്നിരുന്നയെൻ പ്രണയമെനിക്കെന്നുമൊരു സുരക്ഷാവലയമായിരുന്നു .
ആ പ്രണയമാം തേനരുവിയിൽ നിന്നു
മതിവരുവോളും തേൻ നുകർന്നു ഞാനും വാണു
ഇളം കാറ്റിലൂയലാടുമ്പോഴും, പേമാരിയാലീറ-
നണിയുമ്പോഴും എനിക്കു കൂട്ടായിരുന്നൊടുവില-
കാലത്തിലെന്നെ വെടിഞ്ഞവനകന്നപ്പോൾ,
വിധിതന്നിന്ദ്രജാലം മറുമുഖവുമായി വന്നു
നിന്നെയെനിക്ക് സമ്മാനിച്ചു.
അതിനു പക്ഷെ പ്രണയത്തിന്റെ മാധുര്യമില്ലായിരുന്നു...!!
മറ്റാർക്കൊക്കെയോ വേണ്ടിയെന്റെ പ്രണയപ്പട്ടം വിദൂരതയിലേക്ക് പറന്നകലുന്നതെനിക്ക് നോക്കി നിൽക്കുവാനെ കഴിഞ്ഞുള്ളു..
പോക്കുവെയിലേറ്റു മിന്നിത്തിളങ്ങുന്ന കുഞ്ഞോളങ്ങൾക്കിടയിൽ ഞാനെന്റെ കണ്ണുനീർ പൊഴിച്ചു വിട്ടു..
അറിഞ്ഞിരുന്നീല നീയെപ്പോഴാണെന്റെ മനസ്സിൽ ഇടം പിടിച്ചുവെന്നുള്ളത്
ആദ്യം വിരക്തി മാത്രം പകർന്ന നിന്റെ സാനിധ്യം
എങ്ങനെയാണിത്രമേൽ പ്രണയാതുരമായത്..?
ഒരുപക്ഷെ കാപട്യമില്ലാത്ത നിന്റെ സ്നേഹം
എന്റെ മിഴികൾ തുറപ്പിച്ചത് കൊണ്ടാവാം
ഒരിക്കൽ മറ്റൊരാളുടെ നാമം കൊത്തിവെച്ചയെന്റെ ഹൃദയം
ഇന്നു നീയാകുന്ന പ്രണയം നുകരാൻ വെമ്പൽ കൊള്ളുന്നത്
ഋതുക്കൾതൻ രസങ്ങൾ മാറിമറിയുന്നതിനിടയിലെപ്പഴോ
നമുക്കിടയിൽ ഒരു കുഞ്ഞിളമിലയും കിളിർത്തു
ഇന്നിവിടമാകം സ്നേഹത്തിൻ നറുസൗരഭ്യം പരക്കയാണ്..
വാനിന്നന്തയിൽ നമ്മെ നോക്കി പുഞ്ചിരിതൂകി
നില്കുമാ താരകമിന്നേറെയാഹ്ലാദത്തിലാണ്..
Not connected : |