ബാല്യത്തിൻ നല്ലോർമകൾ
വാനിൽ വിരിഞ്ഞൊരാ നിറക്കൂട്ടു
പോലിന്നഴകുള്ളൊരോർമ്മയായി തെളിയുന്നെൻ ബാല്യം...
വസ്ത്‌രത്തിനുള്ളിൽ
കൈകളൊളിപ്പിച്ചു വികലാംഗരായി നടന്നതും
ചേമ്പിന്ന ിലയിലൊരുത്തുള്ളി
ജലകണിക കളയാതെ
സൂക്ഷിച്ചും
ഉമ്മറച്ചുവരിലൊലിച്ചയാ
മഴത്തുള്ളികൾക്കു
മത്സരം വെച്ചതും
ഓലവാച്ചുണ്ടാക്കി
കൈയ്യിലണിഞ്ഞും,
കാറ്റിൽ പറക്കും ഓലക്കളിപ്പാട്ടമുണ്ടാക്കി
കൂട്ടരുമൊത്തോടിക്കളിച്ചതും
ഇരു മൈനകളെക്കണ്ടുല്ലസിച്ചതും
വാതിൽ മറവിലൊളിച്ചു
പലരെയും പേടിപ്പെടുത്തിയും
വഴിയോരത്തെ മിഠായിക്കൂടുകൾ
പ്രതീക്ഷയോടെയെടുത്തു നോക്കിയും
ആരും കാണാതെ മനതാരിൽ
ചിരിച്ചതും
ഒഴിഞ്ഞയാ മിഠായിക്കൂട്ടിൽ
കല്ലു നിറച്ചെല്ലാർക്കും വിതരണം
ചെയ്തതും
തുമ്പിയെ പിടിച്ചു നൂൽക്കെട്ടി
കല്ലെടുപ്പിച്ചതും പറത്തിച്ചതും,
വാൽ മുറിഞ്ഞപ്പോളതിനെ
യുപേക്ഷിച്ചതും
ആമ്പൽ പൂവിനാൽ
മാലയുണ്ടാക്കിയും
തീപ്പെട്ടിക്കൂട്ടിലൊളിപ്പിച്ച വണ്ടിനെ
ചങ്ങാതിക്കു സമ്മാനിച്ചതും
രാവിൽ നിലാവു പിന്തുടരുവാനായി
വാനിൽ നോക്കി നടന്നതും
ചുമരിലെ നിഴലിനോടൊത്തിരി
അഭ്യസിച്ചതും
കണ്ണാടിയിലെ പ്രതിബിംബത്തോടിളിച്ചു കാട്ടിയതും
വർണ്ണക്കടലാസു വഞ്ചിയുണ്ടാക്കി മഴവെള്ളത്തിലൊലിപ്പിച്ചതു-
മെല്ലാമിന്നലെ കഴിഞ്ഞ
പോലൊരനുഭൂതി നൽകിടുന്നു..
ഓർമ്മകൾ പലതുണ്ടതോർക്കുവാൻ
സുഖമുണ്ടതോർമ്മയായി
തീർന്നതിൽ വൈഷമ്യമുണ്ട്....
ഇത്തിരിക്കുഞ്ഞായ കാലത്തിലന്നൊത്തിരി നിനച്ചുപോയൊത്തിരി
വളർന്നാലെന്തെന്ന്..
ഇന്നു നിനയ്ക്കയാണാ കുഞ്ഞു
പ്രായമതെന്തൊരു
സുഖമുള്ള നാൾകളെന്ന്...!!!!
Not connected : |