ഒരു യുദ്ധതടവുകാരന്‍റെ രാത്രി - തത്ത്വചിന്തകവിതകള്‍

ഒരു യുദ്ധതടവുകാരന്‍റെ രാത്രി 

ഒരു യുദ്ധതടവുകാരന്‍റെ രാത്രി
വെടിയൊച്ചകളുടെ
നിലയ്ക്കാത്ത സംഗീതമാണ്
തോക്കുകളാണ് ഗിത്താറുകൾ
മരണമാണ് പരമമായ സത്യം
തിരക്കി ആരും വരില്ലെന്നറിയാം
യുദ്ധത്തിന്‍റെ അവസാന സന്ധിയില്‍
ഒരു വെടിയൊച്ചയില്‍
ജീവിതം അവസാനിക്കുമെങ്കില്‍
എന്തിന് മിണ്ടാതിരിക്കണം
അവസാനത്തെ വണ്ടി
ഒരുങ്ങുന്നത് അവന്‍
സ്വപ്നം കാണുന്നു
ശ്മശാനത്തിലേക്ക്
ഓടിത്തേഞ്ഞ ഒരു വണ്ടി
മരിക്കുന്നതിന് മുന്‍പ്
ജലം തരുന്ന പാനചഷകങ്ങള്‍
അനീതിയുടെ ഭക്ഷണം
മരണത്തിലേക്ക് മിടിപ്പിന്‍റെ
ദൂരമളക്കുന്ന ഡോക്ടർ
ചലനത്തിന് തീയതി കുറിയ്ക്കുന്ന
വിരല്‍ത്തുമ്പിലെ തൂലിക
ഒരു യുദ്ധതടവുകാരന്‍റെ രാത്രി
വിജയിച്ച യുദ്ധങ്ങളുടെ സ്മരണയാണ്
തോറ്റയുദ്ധങ്ങളെ അവന്‍ ഓർക്കാറില്ല
ഇനി തോല്ക്കുവാന്‍
യുദ്ധങ്ങളില്ലെന്ന് അവനറിയാം
തോറ്റ അവസാനയുദ്ധത്തേക്കാള്‍
ജയിച്ച അവസാനയുദ്ധത്തെ
അവന്‍ ഇഷ്ടപ്പെടുന്നു
ശ്മശാനത്തിലേക്ക്
ഇന്നു പോയവണ്ടിയില്‍
കവിതയെഴുതിയ
ഭടന്‍റെ ജഡമായിരുന്നു
സ്വാതന്ത്ര്യത്തെക്കുറിച്ചും
അനീതിയെക്കുറിച്ചും
മനുഷ്യബന്ധങ്ങളെക്കുറിച്ചും
കവിതയെഴുതുന്നത് ഒരു കുറ്റമാണ്.
നീയും ഞാനും ഒരു
യുദ്ധതടവുകാരനാണ്
പറയുന്നത് മാത്രം കേള്‍ക്കുക
തിരിച്ച് ഒന്നും പറയരുത്
എന്തിനെന്ന് ചോദിക്കരുത്
ഇനിയെന്തെന്ന് ചോദിക്കരുത്
ഓരോ ചോദ്യവും അവർക്ക് ദേഷ്യമാണ്
അവർ ചോദ്യം ഭയപ്പെടുന്നു
അതെ ചോദ്യവും ഒരു കുറ്റമാണ്

കവിത എഴുതിയത് -ജയരാജ് മറവൂർ


up
0
dowm

രചിച്ചത്:
തീയതി:19-10-2018 10:13:06 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :