മഴ പച്ചയില്‍ എഴുതുന്നത് - പ്രണയകവിതകള്‍

മഴ പച്ചയില്‍ എഴുതുന്നത് 

മഴ ഈറന്‍ നിലാവുളള ജാലകം തേടുന്നു
ഓര്‍മ്മപ്പക്ഷികള്‍ നിറയെ
കൂടുകൂട്ടിയ താഴ്വാരത്തില്‍
നിന്നാണ് നിന്നെ കണ്ടെത്തിയത്
നിലാവിന്‍റെ നീലക്കണ്‍മുഖം
കടലിന്‍റെ അശാന്തഹൃദയം
അനന്തതയുടെ
പേടിപ്പെടുത്തുന്ന സൗന്ദര്യം
മഴ കാറ്റിന്‍റെ വസതിയില്‍
വിരുന്നുകാരനാവുന്നു
നിനക്കു ഞാനും എനിക്കു നീയും
പരസ്പരമഴിയാത്ത
ദലങ്ങളാകുമ്പോള്‍
മഴ പച്ചയില്‍
എഴുതുന്നതാണ് പ്രണയം
നനയുന്നതെന്താണ്
നീയോ നിലാവോ
പാടുന്നതെന്താണ്
കാറ്റോ മുളനാഴിയോ
വീഴുന്നതെന്താണ്
കുളിരോ കിനാവോ
വിടരുന്നതെന്താണ്
ദലങ്ങളോ പുക്കളോ
ഓരോ കാറ്റിനും
ഒരുപാട് സമുദ്രങ്ങള്‍
താണ്ടുവാനുണ്ട്
മഹാഗിരികളോട്
കിന്നാരം പറയുവാനുണ്ട്
നിലാവിനെ കയ്യിലെടുത്തുമ്മ വയ്ക്കാനുണ്ട്
നീലശിലാതലത്തിലെ
നിഴല്‍ച്ചിത്രങ്ങള്‍ക്കൊപ്പം
നൃത്തം വയ്ക്കാനുണ്ട്.
അത് കൊടുങ്കാറ്റിന്‍റെ വിത്താണ്
നീയെത്ര തടഞ്ഞാലും
കാറ്റ് നിന്നോടൊപ്പം വരില്ല
നിന്‍റെ ഹൃദയത്തോടൊപ്പം
ചേര്‍ന്നു നില്ക്കില്ല
അവന് തണുപ്പ്
മഴയോടൊപ്പമാണ്
അവന്‍റെ ഹൃദയം
മഴ മോഷ്ടിച്ചെടുത്തു
അവന്‍റെ സ്വപ്നങ്ങള്‍ മഴയുടെ വെള്ളിനൂലുകളായിരുന്നു
മഴ നിന്നിലെ പച്ചകളെ
തലോടിവൃക്ഷങ്ങളാക്കുന്നു
അന്നും ഞാനോറ്റയാണ്
ഇന്നും ഞാനോറ്റയാണ്
എന്നോടൊപ്പം ഈ മഴയുണ്ടല്ലൊ
അത് പച്ചയില്‍
കുറിച്ചിടുന്നതാണ് എന്‍റെ പ്രണയം


up
0
dowm

രചിച്ചത്:
തീയതി:24-10-2018 11:02:11 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :